Movie

‘ലിയോ’ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തുടക്ക സീൻ ചോർന്നു, കർശന നടപടിയുമായി നിർമാതാക്കൾ

   റിലീസിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ് ചിത്രം ‘ലിയോ’യുടെ തുടക്ക സീൻ ചോർന്നു. ഒൻപതും പത്തും സെക്കന്റ് ദൈഘ്യമുള്ള  സിനിമയുടെ തുടക്ക സീനുകളാണ് ഇപ്പോൾ എക്‌സിലൂടെ പ്രചരിക്കുന്നത്. സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാ​ഗമായി നടത്തിയ പ്രദര്‍ശനത്തിനിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന.

‘ലീക്ക്ഡ്’ എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കുന്നത്. വമ്പന്‍ ഹൈപ്പോടെ അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിലെ ഒരു ചെറിയ സസ്‌പെന്‍സ് പോലും പുറത്തു വിടാതെ അണിയറപ്രവര്‍ത്തകര്‍ പാലിച്ച സൂക്ഷ്മതയാണ് ഇപ്പോള്‍ ഇല്ലാതായത്. അതേസമയം ഇതിനെതിരെ വിജയ് ആരാധകർ രം​ഗത്തെത്തി. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവൃത്തി അവസാനിപ്പിക്കണമെന്നും വിഡിയോ പങ്കുവെക്കരുതെന്നും എക്സിലൂടെ ആരാധകർ ആഹ്വാനം ചെയ്‌തു.

കർശന നടപടിയുമായി നിർമാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിക്ക്‌ഡ് വിഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാൻഡിലുകൾ സസ്‌പെൻഡ് ചെയ്തു. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.  രാവിലെ നാല് മണിക്ക് കേരളത്തില്‍ ലിയോയുടെ പ്രദര്‍ശനം ആരംഭിക്കും. നേരത്തെ വിജയ്-ലോകേഷ് ചിത്രം മാസ്റ്ററിലെ ദൃശ്യങ്ങളും ഇത്തരത്തില്‍ ചോര്‍ന്നിരുന്നു.

സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം.ഡി.ഒ.പി മനോജ് പരമഹംസ, ആക്ഷൻ അൻപറിവ് , എഡിറ്റിങ് ഫിലോമിൻ രാജ്.

Back to top button
error: