CrimeNEWS

51 വയസുകാരന്റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടിയുടെ കൊക്കെയ്ന്‍ !

ഹോങ്കോംഗ്: വില്‍ച്ചെയറിന്റെ കുഷ്യന്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒന്നു രണ്ടുമല്ല, 11 കിലോ കൊക്കെയ്ന്‍! അന്താരാഷ്ട്രാ മാര്‍ക്കറ്റില്‍ ഏതാണ്ട് 12,48,60,000 രൂപ (15 ലക്ഷം ഡോളര്‍) വിലവരുന്ന മയക്കുമരുന്നാണ് ഹോങ്കോംഗ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ പിടികൂടിയത്. 51 വയസുള്ള യാത്രക്കാരന്റെ ഇലക്ട്രിക് വീല്‍ച്ചെയര്‍ കസ്റ്റംസ് ക്ലിയറന്‍സിനിടെ നടത്തിയ പരിശോധനയിലാണ് കൊക്കെയ്ന്‍ കണ്ടെത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ശനിയാഴ്ച കരീബിയന്‍ രാജ്യമായ സെന്റ് മാര്‍ട്ടനില്‍ നിന്ന് പാരീസ് വഴി ഹോങ്കോംഗിലെത്തിയ ആളാണ് കസ്റ്റംസിന്റെ പിടിയിലായത്. കുറ്റം തെളിഞ്ഞാല്‍ ഇദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ കൊണ്ടുവന്ന രണ്ട് ബാഗേജുകളില്‍ ഒന്നിലായിരുന്നു വീല്‍ച്ചെയര്‍ ഉണ്ടായിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വീല്‍ച്ചെയര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇതിന്റെ ക്യുഷ്യനും ബാക്ക് റെസ്റ്റും പുതുതായി തുന്നിച്ചെര്‍ത്തതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുഷ്യനുള്ളില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയത്.

Signature-ad

ഇയാള്‍ ഹോങ്കോംഗ് സ്വദേശിയല്ല. അംഗപരിമിതനായ തനിക്ക് ഒരു സുഹൃത്താണ് വീല്‍ച്ചെയര്‍ സമ്മാനിച്ചതെന്നും കാര്‍ വാടകയ്ക്ക് നല്‍കുന്ന ഒരു കമ്പനിയുടെ ഡയറക്ടറാണ് തന്നെന്നുമാണ് ഇയാള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രാജ്യാന്തര മയക്കുമരുന്ന കടത്ത് തടയുന്നതിന് ‘ഉയര്‍ന്ന അപകട സാധ്യതയുള്ള’ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹോങ്കോംഗില്‍ മാരകമായ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 2021 ല്‍ 906 ഉം 2022 ല്‍ 931 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം 178 പേര്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍ക്ക് വിമാനത്താവളത്തിലൂടെ സമാനമായ രീതിയില്‍ വീല്‍ച്ചെയറില്‍ കടത്തുകയായിരുന്ന മൂന്നേമുക്കാല്‍ കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍ ഒരു സ്ത്രീയില്‍ നിന്നും പിടികൂടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലും സമാനമായ രീതിയില്‍ വീല്‍ചെയറില്‍ കൊക്കെയ്ന്‍ കടത്തിയത് പിടികൂടിയിരുന്നു.

Back to top button
error: