ദില്ലി: ആംആദ്മി പാർട്ടി അംഗം രാഘവ് ഛദ്ദയെ സസ്പെൻഡ് ചെയ്തതിനെതിരായ ഹർജിയിൽ രാജ്യസഭയ്ക്ക് സുപ്രീംകോടതി നോട്ടീസ്. സസ്പെൻഷൻ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി രാഘവ് ഛദ്ദ നല്കിയ ഹർജിയിലാണ് നോട്ടീസ്. കേസ് ഈ മാസം മുപ്പതിന് പരിഗണിക്കുമ്പോൾ ഹാജരാകാൻ കോടതി അറ്റോണി ജനറലിനോടും ചീഫ് ജസ്റ്റിസ് അഭ്യർത്ഥിച്ചു.
ദില്ലി സേവന അതോറിറ്റി ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് രാഘവ് ഛദ്ദ നിർദ്ദേശിച്ചിരുന്നു. സെലക്ട് കമ്മിറ്റിക്കായി ചില അംഗങ്ങളുടെ പേര് അവരുടെ അനുവാദമില്ലാതെ ഛദ്ദ നിർദ്ദേശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഷൻ. ഇത് അവകാശ ലംഘനമല്ലെന്നും അവകാശ സമിതി ഇക്കാര്യം അന്വേഷിക്കുമ്പോൾ സസ്പെൻഡ് ചെയ്യാൻ ചട്ടമില്ലെന്നും രാഘവ് ഛദ്ദ ഹർജിയിൽ ചൂണ്ടിക്കാട്ടി. പാർലമെൻറിൽ അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്ന വിഷയത്തിൽ കോടതി ഇടപെടുന്നത് അസാധാരണമാണ്.