Social MediaTRENDING

പാക് പേസര്‍ ഹാരിസ് റൗഫിനെ ​ഗ്രൗണ്ടിൽ തൂക്കിയടിച്ച് ഹിറ്റ്മാന്‍, ഗ്യാലറിയില്‍ ആരാധകന്‍റെ കരണത്തടിച്ച് വനിതാ പോലീസും!

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിൽ പാക് പേസർ ഹാരിസ് റൗഫിനെ ക്യാപ്റ്റൻ രോഹിത് ശർമ ഗ്രൗണ്ടിൽ സിക്സർ പറത്തുന്നതിനിടെ ഗ്യാലറിയിൽ ആരാധകൻറെ കരണത്തടിച്ച് വനിതാ പോലീസ്. ഇന്ത്യാ-പാക് മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് വനിതാ പൊലീസ് ആരാധകൻറെ കരണത്തടിക്കുന്നതും ആരാധകൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നതും കാണാനാകുക. വനിതാ പൊലീസ് ആരാധകൻറെ കരണത്തടിക്കാൻ കാരണമെന്താണെന്ന് വ്യക്തമല്ല.

Signature-ad

ആരാധകർ ഇരിക്കുന്നതിന് സമീപത്തുകൂടെ നടന്നു നീങ്ങുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ പെട്ടെന്ന് തിരിഞ്ഞ് ആരാധകനോട് ദേഷ്യപ്പെടുന്നതും പൊടുന്നനെ കരണത്തടിക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്. ആരാധകൻ എന്തോ പറഞ്ഞതിൻറെ പേരിലാണ് പെട്ടെന്ന് വനിതാ പൊലീസ് തിരിഞ്ഞ് കരണത്തടിക്കുന്നത് എന്നാണ് മനസിലാവുന്നത്. എന്നാൽ കരണത്ത് അടി കിട്ടിയതിന് പിന്നാലെ ആരാധകൻ വനിതാ പോലീസിനെ തിരിച്ചടിക്കാൻ ശ്രമിക്കുന്നതും സമീപിത്തിരിക്കുന്നവർ ഇത് തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തിരിച്ചടിക്കാൻ ശ്രമിച്ച ആരാധകനുനേർക്ക് വനിതാ പോലീസ് ദേഷ്യത്തോടെ വരുന്നതും വീഡിയോയിൽ കാണാം.

വീഡിയോക്ക് താഴെ സമ്മിശ്ര പ്രതികരണമാണ് ആരാധകർ കമൻറായി രേഖപ്പെടുത്തുന്നത്. എന്ത് പറഞ്ഞതായാലും വനിതാ പോലീസ് ആരാധകൻറെ കരണത്തടിക്കാൻ പാടില്ലായിരുന്നുവെന്നും തിരിച്ചടിച്ചത് നന്നായി എന്നും ചിലർ മറുപടി നൽകുമ്പോൾ അയാൾക്ക് അടി കൊള്ളേണ്ടത് തന്നെയാിരുന്നു എന്നാണ് മറ്റ് ചിലർ പറയുന്നത്. ഇന്ത്യൻ പൊലിസിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന് മറ്റ് ചിലർ പറയുന്നു. ആരാധകൻ ചിലപ്പോൾ ഹാർദ്ദിക് പാണ്ഡ്യ ഫാൻ ആയിരിക്കുമെന്നാണ് മറ്റ് ചിലർ പറയുന്നത്.

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമായിരുന്നു പാകിസ്ഥാൻറെ ടോപ് സ്കോറർ.മറുപടി ബാറ്റിംഗിൽ ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയും(63 പന്തിൽ 86), ശ്രേയസ് അയ്യരും(62 പന്തിൽ 53) ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എൽ രാഹുൽ(29 പന്തിൽ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.

Back to top button
error: