LocalNEWS

അടിയന്തിര സാഹചര്യം പരിഗണിച്ച് തിരുവനന്തപുരത്തെ എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

തിരുവനന്തപുരം: ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടിയന്തിര സാഹചര്യങ്ങളില്‍ പൊതു ജനങ്ങള്‍ക്ക് താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാമെന്ന് കളക്ടര്‍ അറിയിച്ചു.

  • തിരുവനന്തപുരം താലൂക്ക്: 0471 2462006, 9497711282.
  • നെയ്യാറ്റിന്‍കര താലൂക്ക്: 0471 2222227, 9497711283.
  • കാട്ടാക്കട താലൂക്ക്: 0471 2291414, 9497711284.
  • നെടുമങ്ങാട് താലൂക്ക്: 0472 2802424, 9497711285.
  • വര്‍ക്കല താലൂക്ക്: 0470 2613222, 9497711286.
  • ചിറയിന്‍കീഴ് താലൂക്ക്: 0470 2622406, 9497711284

കനത്ത മഴയാണ് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരുന്നത്. നഗരപരിധിയില്‍ പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമായ സാഹചര്യമാണുള്ളത്. തേക്കുമൂട് ബണ്ട് കോളനിയില്‍ വെളളം കയറിയതിനെ തുടര്‍ന്ന് കുടുംബങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. 122 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കണ്ണമ്മൂല ഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി. പുത്തന്‍പാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് 45 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. പോത്തന്‍കോട് കരൂര്‍ ഏഴു വീടുകളില്‍ വെള്ളം കയറി. അതുപോലെ ടെക്‌നോപാര്‍ക്ക് മേഖലയിലും വെള്ളക്കെട്ട് രൂക്ഷമാണ്. തീരമേഖലകളിലും വെള്ളം കയറി ജനങ്ങള്‍ ദുരിതത്തിലാണ്. ഇതിനിടെ മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തന്‍കോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞ് നാല് വീടുകളുടെ മുകളിലേക്ക് പതിച്ചു. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Back to top button
error: