SportsTRENDING

വിവാദങ്ങൾക്കൊടുവിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കുവാൻ സംസ്ഥാന സർക്കാർ തീരുമാനം; ചടങ്ങ് 19ന്, പാരിതോഷികം 18ലെ മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും

തിരുവനന്തപുരം: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ ആദരിക്കാൻ സംസ്ഥാന സർക്കാർ. ഈ മാസം 19 -ന് വൈകിട്ടാണ് ചടങ്ങ് നടക്കുക. മെഡൽ ജേതാക്കളെ കായിക വകുപ്പ് ക്ഷണിച്ചുതുടങ്ങി. ഇതിന് പുറമെ, 18 -ലെ മന്ത്രിസഭായോഗത്തിൽ പാരിതോഷികവും തീരുമാനിക്കും. നേരത്തെ പരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് വിവാദം ആയിരുന്നു. ഏഷ്യൻ ഗെയിംസിൽ അഭിമാനാർഹമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും സംസ്ഥാന സർക്കാറിന്റെ ഭാഗത്തുനിന്ന് അഭിനന്ദനമോ അർഹിമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്നായിരുന്നു താരങ്ങൾ ആരോപണം ഉന്നയിച്ചത്.

ബാഡ്മിന്റണ്‍ താരം എച്ച് എസ് പ്രണോയ്, ട്രിപ്പിള്‍ ജംപ് രാജ്യാന്തര താരങ്ങളായ എല്‍ദോസ് പോള്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവർ സംസ്ഥാന സർക്കാറിന്റെ അവഗണനയെ തുടർന്ന് കേരളം വിടുന്നതിന് കുറിച്ച് പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും കായിക വകുപ്പിന്റേയും അവഗണനയാണ് പ്രധാന കാരണം. സര്‍ക്കാരില്‍ നിന്നും ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും പ്രണോയ് പറഞ്ഞിരുന്നു. ഇതിന് താരങ്ങള്‍ കൂട്ടത്തോടെ കേരളം വിടുന്ന സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി വി അബ്ദുറഹിമാനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചിരുന്നു.

Signature-ad

അതിനിടെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹോക്കി താരം പി ആര്‍ ശ്രീജേഷും രംഗത്തെത്തിയിരുന്നു. മെഡൽ നേടിയിട്ട് സ്വന്തം പഞ്ചായത്ത്‌ പ്രസിഡന്‍റ് പോലും ഒന്നു കാണാൻ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച ശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്‍റെ പ്രതികരണം.

ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടിൽ എത്തുന്നതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ എന്നും ശ്രീജേഷ് പറഞ്ഞു.

ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകര്‍ത്തുവിട്ടാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തിയിരുന്നു. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണനേട്ടത്തോടെ 2024ലെ പാരീസ് ഒളിംപിക്സിന് നേരിട്ട് യോഗ്യത ഉറപ്പാക്കാനും ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിനായിരുന്നു. അതേസമയം, ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്ന് പുരുഷ മധ്യദൂര ഓട്ടക്കാരന്‍ ജിൻസൺ ജോൺസൻ പറഞ്ഞിരുന്നു. 2018ല്‍ മെഡല്‍ നേടിയിട്ട് അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തുവെന്ന് വനിതാ ലോംഗ്‌ജംപ് താരം വി നീനയും പറഞ്ഞു.

Back to top button
error: