ടെൽ അവീവ്: മലയാളിയായ നിമിഷയുടെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നതു വെടിയൊച്ചയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍.ഹമാസ് തീവ്രവാദികള്‍ എത്തിയതോടെ ബങ്കറില്‍ അഭയം തേടിയ നിമിഷയും ഇവര്‍ പരിചരിക്കുന്ന വയോധികനായ ആബെയും തോക്കിൻമുനയില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
തൊടുപുഴ പെരിയാന്പ്ര കുളപ്പുറത്ത് എ.കെ. കുഞ്ഞിന്‍റെ മകളായ നിമിഷ കെ. വര്‍ഗീസ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇസ്രയേലില്‍ ഗാസ അതിര്‍ത്തിയിലുള്ള അഷ്കെലോണിലാണ് ജോലിചെയ്തുവരുന്നത്. ഗാസയില്‍ നിന്നു ഷെല്ലാക്രമണവും റോക്കറ്റാക്രമണവും ഇവിടെ പതിവാണെങ്കിലും ഇതൊന്നും അത്രകാര്യമായി എടുത്തിരുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈറണ്‍ മുഴങ്ങുന്നതോടെ ബങ്കറുകളില്‍ അഭയം പ്രാപിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഭീകരര്‍ നടത്തിയ കൊലവിളിയുടെ നടുക്കത്തില്‍ നിന്നു നിമിഷ ഇനിയും മോചിതയായിട്ടില്ല.
സാധാരണപോലെ അന്നും സൈറണ്‍ മുഴങ്ങിയെങ്കിലും മുറിക്കുള്ളിലായിരുന്നു നിമിഷയും ഇവര്‍ പരിചരിക്കുന്ന ആബെയും. ഇതിനിടെ ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും വീടിന്‍റെ വാതില്‍ തുറക്കരുതെന്നും വാട്സ്‌ആപ്പിലൂടെ സുഹൃത്തുക്കള്‍ പലരും സന്ദേശം അയച്ചതോടെ ഇവര്‍ ബങ്കറിനുള്ളിലേക്കു മാറി.
10.30-ഓടെ ബങ്കറിന്‍റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. വാതില്‍ തുറക്കാൻ കൂട്ടാക്കാതെ വന്നതോടെ ഭീകരര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ച് വാതില്‍ തകർത്ത് അകത്തു കയറി.
ആറംഗഭീകരസംഘം തോക്കുചൂണ്ടി മുറിക്കുള്ളിലേക്ക് ഇരച്ചുകയറിയതോടെ താൻ ജോലിക്കായി ഇവിടെ എത്തിയതാണെന്നും കൊല്ലരുതെന്നും ഭീകരരുടെ കാലില്‍ വീണ് കരഞ്ഞപേക്ഷിച്ചു.എന്നാല്‍ നിമിഷയുടെ കൈകള്‍ ബന്ധിച്ച് ദേഹത്ത് അണിഞ്ഞിരുന്ന മാലയും വളയും കൈയിലെ ചെയിനും മൊബൈല്‍ ഫോണും ഭീകരര്‍ കൈക്കലാക്കി. പിന്നീട് ഇരുവരെയും കൊണ്ടുപോകുന്നതിനായി പുറത്തിറക്കാൻ ശ്രമിക്കവെ 93 വയസുകാരനായ ആബെയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി.ഇതോടെ ഇവരെ ഉപേക്ഷിച്ച് ഭീകരർ മറ്റ് വീടുകളിലേക്ക് പോകുകയായിരുന്നു.
രാത്രി പത്തോടെ ഇസ്രായേലി സൈനികരെത്തി അകലെയുള്ള ഹോട്ടലിലേക്കും പിറ്റേന്ന് മറ്റൊരു റിസോര്‍ട്ടിലേക്കും കൊണ്ടുപോയി. നിലവില്‍ സൈനികരുടെ കാവലില്‍ മറ്റു കുടുംബാംഗങ്ങളോടൊപ്പം കഴിഞ്ഞുവരികയാണ് ഇവര്‍.