KeralaNEWS

സൗത്ത് സ്റ്റേഷന്റ പേരുമാറ്റം രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ല; പൈതൃകം മനസിലാക്കണമെന്ന് കൊച്ചി മേയര്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് നല്‍കണമെന്ന പ്രമേയം കൊച്ചി നഗരസഭ പാസാക്കിയതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളും നിരവധിയാണ്. ഇത്തരത്തിലുള്ള പേര് മാറ്റം പൊതുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് പലരുടെയും അഭിപ്രായം. കൊച്ചി കോര്‍പറേഷനില്‍ കഴിഞ്ഞദിവസം ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് എറണാകുളം സൗത്ത് സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാജര്‍ഷി രാമവര്‍മന്റെ പേര് ഇടണമെന്ന പ്രമേയം മുന്നോട്ടുവെച്ചത്.

ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മാണം യാഥാര്‍ഥ്യമാക്കിയത് രാജര്‍ഷി രാമവര്‍മന്‍ രാജാവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കോര്‍പറേഷന്‍ പേരുമാറ്റം നിര്‍ദേശിച്ചിരിക്കുന്നത്. മധ്യകേരളത്തിലെ വികസനത്തിന്റെ പ്രധാന ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍വേ നിര്‍മാണമെന്നും തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 തങ്ക നെറ്റിപ്പട്ടങ്ങളില്‍ 14 എണ്ണം വിറ്റു കിട്ടിയ തുകകൊണ്ടാണ് രാജര്‍ഷി രാമവര്‍മന്‍ ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പാത നിര്‍മിച്ചതെന്നും നഗരസഭ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Signature-ad

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് രാജര്‍ഷി രാമവര്‍മന്റെ പേരു നല്‍കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോടും ഇന്ത്യന്‍ റെയില്‍വേയോടും ആവശ്യപ്പെടാനാണ് കൊച്ചി കോര്‍പറേഷന്റെ തീരുമാനം. രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ല ഇതെന്നും പൈതൃകം മനസിലാക്കണമെന്നുമാണ് കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാര്‍ പ്രതികരിച്ചത്.

ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വേ പാത നിര്‍മിക്കുക എന്നതിന് പിന്നില്‍ രാജര്‍ഷി രാമവര്‍മ്മ രാജാവിന്റെ ദീര്‍ഘകാലത്തെ പ്രയത്‌നമുണ്ട്. അങ്ങനെ ഒരാളുടെ പേര് നേരത്തെ വരേണ്ടതായിരുന്നു. അതുകൊണ്ടാണ് എറണാകുളം സൗത്ത് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കണമെന്ന് നഗരസഭ ആവശ്യപ്പെടുന്നത്. ഇത് രാജഭരണത്തോടുള്ള അനാവശ്യമായ ഭക്തിയല്ലെന്നും മേയര്‍ വ്യക്തമാക്കി.

Back to top button
error: