ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാൻ ദില്ലി ലഫ് ഗവർണറുടെ അനുമതി. എഴുത്തുകാരി അരുന്ധതി റോയ്, കശ്മീരിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെയാണ് വിചാരണ ചെയ്യാൻ അനുമതി. ഗവർണർ വികെ സക്സേനയാണ് അനുമതി നൽകിയത്. 2010 ൽ ഡൽഹിയിൽ നടന്ന ഒരു സെമിനാറിനിടെ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചായിരുന്നു ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു. ഈ കേസിലാണ് ഇപ്പോഴത്തെ നടപടി.
‘ആസാദി: ദ ഒൺലി വേ’ എന്ന പേരിൽ നടന്ന സെമിനാറിനിടെ നടത്തിയ പ്രസംഗത്തിനെതിരെ സുശീൽ പണ്ഡിറ്റും ‘റൂട്ട്സ് ഇൻ കാശ്മീർ’ എന്ന പേരിലുള്ള കശ്മീരി പണ്ഡിറ്റ് സംഘടനയുമാണ് ഇരുവർക്കുമെതിരെ പരാതി നൽകിയത്.’കശ്മീർ ഇന്ത്യയിൽ നിന്ന് വേർപെടുത്തുക’എന്നതാണ് സെമിനാറിൽ ചർച്ച ചെയ്യപ്പെട്ട വിഷയം എന്നാണ് പരാതിയിൽ സുശീൽ പണ്ഡിറ്റ് ആരോപിച്ചത്. പൊതുസമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രകോപനപരമായ പ്രസംഗങ്ങളാണിതെന്നും പരാതിയിൽ പറഞ്ഞിരുന്നു.രാജ്യദ്രോഹം, സാമുദായിക വൈരം വളർത്താനുള്ള ശ്രമം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരായ പ്രവർത്തനം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
ക്രിമിനൽ നടപടിക്രമങ്ങളുടെ (CrPC) സെക്ഷൻ 196(1) പ്രകാരം, വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷ കുറ്റകൃത്യങ്ങൾ, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കുള്ള പ്രോസിക്യൂഷന് സംസ്ഥാന സർക്കാരിൽ നിന്നുള്ള അനുമതി തേടേണ്ടതുണ്ട്. ഇത് പ്രകാരം ഇരുവർക്കുമെതിരെ വിചാരണക്ക് ഗവർണർ അനുമതി നൽകിയിരുന്നു. എന്നാൽ 2022 മെയ് മാസത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള എല്ലാ വിചാരണകളും നടപടികളും നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനാൽ ഇരുവർക്കുമെതിരെ രാജ്യദ്രോഹത്തിനുള്ള വിചാരണ ഗവർണർ അനുവദിച്ചിട്ടില്ല. തെഹ്രീക് ഇ ഹുറിയത് ചെയർമാനായിരുന്ന സയീദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാലയിലെ മുൻ പ്രൊഫസർ സയീദ് അബ്ദുൾ റഹ്മാൻ ഗീലാനി എന്നിവർക്കെതിരേയും കേസ എടുത്തിരുന്നു. എന്നാൽ വിചാരണകാലയളവിൽ ഇരുവരും മരണപ്പെട്ടിരുന്നു.