NEWSWorld

യുദ്ധഭൂമിയിൽനിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്; ലൈവിനിടെ നിലവിളിച്ച് മാറി റിപ്പോർട്ടർ; ഗാസയിലെ നടുക്കുന്ന ദൃശ്യം

ഗാസ: യുദ്ധഭൂമിയിൽ നിന്നുള്ള ലൈവ് റിപ്പോർട്ടിങ് എപ്പോഴും സാഹസികമാണ്. ഇന്നലെ ഗാസയിൽ നിന്ന് ലൈവ് നൽകുകയായിരുന്ന അൽ ജസീറ ടെലിവിഷൻ ചാനൽ റിപ്പോർട്ടറുടെ സമീപത്തായിരുന്നു ബോംബിങ് നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യം വൈറലാവുകയാണ്. ലൈവിൽ അവതാരകന്റെ ചോദ്യങ്ങൾക്ക് മറുപടിയായി കാര്യങ്ങൾ വിശദീകരിച്ച് തുടങ്ങുമ്പോഴായിരുന്നു പെട്ടെന്നുള്ള ബോംബാക്രമണം നടന്നത്. റിപ്പോർട്ടറുടെ തൊട്ടുപിന്നിലായുള്ള കെട്ടിടത്തിലായിരുന്നു ആക്രമണം.

ഭയന്ന റിപ്പോർട്ടർ കാമറയ്ക്ക് മുന്നിൽ നിന്ന് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിൽ ഗാസയിലെ ഹൃദയഭാഗത്തുള്ള പാലസ്തീൻ ടവറിലാണ് ഭീകരമായ ആക്രമണം നടന്നതെന്ന് റിപ്പോർട്ടർ വിവരിക്കുന്നുണ്ട്. തുടർന്ന്, റിപ്പോർട്ടറോടും ടീമിനോടും സമാധാനമായി ശ്വാസമെടുക്കാനും സുരക്ഷിതമല്ലെങ്കിൽ റിപ്പോർട്ടിങ് അവസാനിപ്പിച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറാനും അവതാരകൻ പറയുന്നുണ്ട്. ഗാസയിലെ ജനനിബിഢമായ പ്രദേശത്താണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടർ പറയുന്നു.

Signature-ad

രാജ്യത്തേക്ക് കടന്ന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്നലെ ഇസ്രായേൽ വ്യാപക ആക്രമണം ആരംഭിച്ചത്. ഇന്നലെ കുറച്ചുസമയത്തെ ആക്രമണത്തിൽ ഗാസയെ അഗ്നിഗോളമാക്കിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരന്മാരുടെ എണ്ണം 300 കടന്നു. 1590 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ബന്ദികളാക്കിയ ഇസ്രായേലി സൈനികരിൽ ചിലരെ ഗാസയിലെ ഒളിത്താവളങ്ങളിൽ എത്തിച്ചെന്ന് ഹമാസ് പറഞ്ഞു. ചുരുങ്ങിയത് 50 ഇസ്രയേലി പൗരന്മാരെങ്കിലും ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വീടുകൾക്ക് ഉള്ളിലേക്ക് കടന്നു കയറി കുടുംബങ്ങളെ ഒന്നടങ്കം ഹമാസ് സംഘം കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇസ്രയേലിന് ഉള്ളിൽ കടന്ന ഹമാസ് സായുധ സംഘത്തെ ഇനിയും പൂർണമായി തുരത്താൻ ബെഞ്ചമിൻ നെതന്യാഹുവിന്റെ പടയ്ക്ക് കഴിഞ്ഞിട്ടില്ല. വിവിധ സ്ഥലങ്ങളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. അതിനിടെ ബോംബുകളും മിസൈലുകളും തൊടുത്ത് ഗാസയിൽ തീമഴ പെയ്യിച്ച ഇസ്രയേലിന്റെ ആക്രമണത്തിലും 250 ഓളം പേർ ഇന്നലെ മാത്രം കൊല്ലപ്പെട്ടു. ഗാസയിലെ നാശത്തിന്റെ കണക്കുകൾ ഇനിയും പുറത്തുവരാനുണ്ട്. ജനങ്ങൾ വീട് വിട്ടു പോകണമെന്ന് ഗാസയിലെ പല മേഖലകളിലും ഇസ്രയേൽ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.. ഗാസയിലേക്ക് ഇന്ധനം അടക്കം ചരക്കുനീക്കം തടയുമെന്നും ഇസ്രയേൽ വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: