ആലപ്പുഴ: പക്ഷിപ്പനിയെ സര്‍ക്കാര്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുമതല കലക്ടര്‍മാര്‍ക്ക് നൽകി. സംസ്ഥാനമെമ്പാടും ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്. രണ്ട് ജില്ലകളിലെയും ചില ഭാഗങ്ങളില്‍ ചത്ത താറാവുകളുടെ സാമ്പിളുകള്‍ പരിശോധിച്ചതിലിലൂടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ആലപ്പുഴയിലെ തലവടി, തകഴി, പള്ളിപ്പാട്, കരുവാറ്റ കോട്ടയം ജില്ലയിലെ നീണ്ടൂര്‍ എന്നിവിടങ്ങളിലെ താറാവുകളാണ് വലിയതോതില്‍ കഴിഞ്ഞ ദിവസം ചത്തൊടുങ്ങിയത്. തുടര്‍ന്ന് പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലും ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലും സാമ്പിളുകള്‍ പരിശോധിച്ചു.
എട്ട് സാമ്പിളുകളില്‍ അഞ്ച് എണ്ണത്തില്‍ എച്ച്5എന്‍8 വൈറസ് ആണ് പക്ഷിപ്പനിക്ക് കാരണമായതെന്നു കണ്ടെത്തി. വൈറസിന്റെ ജനിതകമാറ്റം അനുസരിച്ച് ഇവ മാരകമാവുകയോ മനുഷ്യരിലേക്ക് പകരുകയോ ചെയ്യാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നുണ്ട്.