രാജ്യതലസ്ഥാനത്ത് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് അനുമതി നല്‍കി സുപ്രീംകോടതി.
പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന പദ്ധതിയുടെ കടലാസ് ജോലികളുമായി കേന്ദ്ര സര്‍ക്കാരിനു മുന്നോട്ടുപോകാമെന്നു സുപ്രീംകോടതി അറിയിച്ചു. പദ്ധതിക്കെതിരായ ഹര്‍ജികളില്‍ ജസ്റ്റീസ് എ.എം. ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഭൂമിയുടെ വിനിയോഗത്തില്‍ വരുത്തിയ മാറ്റവും അംഗീകരിച്ചു. നിര്‍മാണത്തിനിടെയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു.
പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് നടത്താന്‍ സുപ്രീംകോടതി നേരത്തേ അനുമതി നല്‍കിയിരുന്നു. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണു പദ്ധതി സ്റ്റേ ചെയ്യില്ലെന്നു വ്യക്തമാക്കിയത്. ഡിസംബര്‍ പത്തിന് പ്രധാനമന്ത്രിയായിരുന്നു ശിലാസ്ഥാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 64,500 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍. 971 കോടി രൂപ ചെലവിലാണ് നിര്‍മാണം.
ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നിര്‍മാണത്തിന്റെ കരാര്‍ നേടിയിട്ടുള്ളത്. രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെ നവീകരിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നിലവിലെ പാര്‍ലമെന്റിന്റെ ബലക്ഷയവും ഭാവിയില്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം എംപിമാരുടെ എണ്ണം കൂടാന്‍ ഇടയുള്ളതും ചൂണ്ടിക്കാട്ടിയാണ് പുതിയ മന്ദിരം പണിയുന്നത്.
ദേശീയ ലോക്ക്ഡൗണ്‍, കോവിഡ് ഉയര്‍ത്തുന്ന സാന്പത്തിക പ്രതിസന്ധി എന്നിവ കണക്കിലെടുത്തു പദ്ധതി താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.