ഇടുക്കി: ഡ്യൂട്ടിക്കിടെ ബസ് സ്റ്റാന്റില്‍ വെച്ച് പരസ്പരം കയ്യേറ്റം നടത്തിയ കെഎസ്ആര്‍ടിസി ചെക്കിംഗ് ഇൻസ്പെക്ടർമാർക്ക് സസ്പെന്ഷന്. തൊടുപുഴ യൂണിറ്റിലെ ഇന്‍സ്പക്ടർ എസ് പ്രദീപിനും മുവാറ്റുപുഴ യൂണിറ്റിലെ ഇന്‍സ്പക്ടർ രാജു ജോസഫിനുമെതിരെയാണ് നടപടി. പൊതുജനമധ്യത്തില്‍ കോര്പറേഷന് അവമതിപ്പുണ്ടാക്കിയെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വെച്ച് ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും കയ്യേറ്റം നടത്തിയത്. ബന്ദുടുക്കയില് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ബസില്‍ മുവാറ്റുപുഴയില്‍ വെച്ച് ഇന്‍സ്പക്ടര്‍ രാജു ജോസഫ് പരിശോധനക്കായി കയറി. ബസ് ആനിപടിയിലെത്തിയപ്പോള്‍ പ്രദീപും കയറി പരിശോധന തുടങ്ങി. ഇതിനുശേഷമാണ് രാജു ജോസഫ് കൃത്യമായി പരിശോധിക്കുന്നില്ലെന്നാരോപിച്ച് തര്‍ക്കും ആരംഭിച്ചത്. തൊടുപുഴ ബസ് സ്റ്റാന്റിലെത്തിയപ്പോള് ഇരുവരുമിറങ്ങി കയ്യാങ്കളിയായി. അവിടെയുണ്ടായിരുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.
രാജു ജോസഫ് ജോലി ചെയ്തില്ലെന്നുള്ളത് മേലുദ്യോഗസ്ഥരെ അറിയിക്കുകയാണ് പ്രദീപ് ചെയ്യേണ്ടിയിരുന്നതെന്നും അതല്ലാതെ പരസ്പരം വഴക്കിട്ടതിലൂടെ കെഎസ്ആര്‍ടിസിക്ക് മാനക്കേടുണ്ടായെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി കോട്ടയം വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷാജിയാണ് ഉത്തരവിറക്കിയത്.