ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്താണ് ഇന്ത്യയുടെ സുവർണ നേട്ടം.ജയത്തോടെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി.
ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി.മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോൾ വല ചലിപ്പിച്ചു. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ നേടിയത്.മലയാളി താരം പി ആര് ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്.
ഇതോടെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണമെഡലുകളുടെ എണ്ണം 22 ആയി. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ വെങ്കലമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.