നാടുവിട്ട് യുകെയിലേക്ക് പോകുന്നതിന് ഇനി ചെലവേറും. വിദ്യാർഥികൾക്കും സന്ദർശക വിസയിൽ പോകുന്നവർക്കും ഏർപ്പെടുത്തിയ അധിക വിസ നിരക്കുകൾ യുകെയിൽ നിലവിൽ വന്നു. ബ്രിട്ടീഷ് പാർലമെൻറ് കഴിഞ്ഞ മാസം നടപ്പാക്കിയ നിയമഭേദഗതി പ്രാബല്യത്തിൽ വന്നതോടെയാണ് നിരക്ക് വർധന. ഇതനുസരിച്ച് വിദ്യാർഥികൾക്കുള്ള വിസയിൽ വൻ വർധനയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
12,700 രൂപ കൂട്ടി 50,000 രൂപയായാണ് വിസ ഫീ വർധിപ്പിച്ചിരിക്കുന്നത്. ആറ് മാസത്തിന് താഴെ കാലാവധിയുള്ള സന്ദർശക വിസയ്ക്ക് 1500 രൂപ അധികം നൽകണം. ഇതോടെ ആകെ നിരക്ക് 11,500 രൂപയായി വർധിച്ചു. ജോലികൾക്കുള്ള വിസയ്ക്കും, സന്ദർശക വിസയ്ക്കും 15 ശതമാനം വർധന വരുത്തുന്നതിന് കഴിഞ്ഞ ജൂലൈയിലാണ് സർക്കാർ തീരുമാനിച്ചത്. വിദ്യാർഥികൾക്കുള്ള വിസയ്ക്കും സർട്ടിഫിക്കറ്റ് സ്പോൺസർഷിപ്പിനും 20 ശതമാനമാണ് നിരക്ക് വർധന.
ഇമിഗ്രേഷൻ നടപടികൾ അനായാസമായി നടക്കുന്നതിന് ഫീ കൂട്ടുന്നത് അനിവാര്യമാണെന്ന് യുകെ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചു. ബ്രിട്ടീഷ് പൗരൻമാരുടെ നികുതി ബാധ്യത കുറയ്ക്കുന്നതിന് നിരക്ക് വർധന സഹായിക്കുമെന്നും അതേ സമയം തന്നെ യുകെയിലേക്ക് പഠിക്കുന്നതിനും സന്ദർശനത്തിനും എത്തുന്നവർക്ക് വലിയ ബാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തുന്നതുമാണ് പുതിയ നിരക്കുകളെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കുന്നു.
ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന പ്രധാന നിരക്ക് മാറ്റങ്ങൾ താഴെ നൽകിയിരിക്കുന്നു.
– ആറ് മാസം, 2,5,10 വർഷങ്ങളിലേക്കുള്ള സന്ദർശ വിസ നിരക്കുകൾ വർധിച്ചു.
– എൻട്രി ക്ലിയറൻസിനുള്ള നിരക്കുകൾ കൂട്ടി.
– രാജ്യത്ത് അനിശ്ചിത കാലത്തേക്ക് തുടരാനുള്ള ഫീസ് വർധിപ്പിച്ചു.
– ഹെൽത്ത് വിസ നിരക്ക് കൂട്ടി.
– സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നിരക്ക് കൂട്ടി.
– പഠനത്തിനുള്ള അപേക്ഷ അംഗീകരിച്ചുള്ള സർട്ടിഫിക്കറ്റ് നിരക്കും വർധിപ്പിച്ചു.
– ബ്രിട്ടീഷ് പൗരത്വം നേടാനുള്ള രജിസ്ട്രേഷൻ ഫീയും കൂട്ടി.