തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ – നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. തുടര്‍ച്ചയായി മഴ പെയ്‌തതോടെയാണ് കളി ഉപേക്ഷിച്ചത്. കാര്യവട്ടത്ത് മഴ കാരണം ഉപേക്ഷിച്ചത് ഇതുവരെ മൂന്ന് മത്സരങ്ങളാണ്.
മുമ്പ് കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് മത്സരങ്ങൾ മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ-നെതര്‍ലന്‍ഡസ് മത്സരം 23 ഓവറാക്കി ചുരുക്കി. എന്നാൽ ഓസീസ് ഇന്നിംഗ്സിനുശേഷം നെതര്‍ലന്‍ഡ്സ് ബാറ്റിംഗിനിടെ വീണ്ടും മഴ എത്തി. പിന്നാലെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതോടെ ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരം പോലും കളിക്കാത്ത ടീമായി മാറി ഇന്ത്യ. ഗൂവാഹത്തിയിൽ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഈ മാസം എട്ടിന് ചെന്നൈയിലാണ്. ഓസ്ട്രേലിയയാണ് എതിരാളികള്‍. സന്നാഹമത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യന്‍ ടീം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകും.