നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് എന്നത് സർക്കാർ ആവിഷ്കരിച്ച ആകർഷകമായ പെൻഷൻ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകൾ അടച്ചു തന്നെ പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിൻറെ പ്രത്യേകത. പ്രവാസികൾക്കും എൻപിഎസിൽ നിക്ഷേപം നടത്താം. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ വളരെ മികച്ച പെൻഷൻ ലഭിക്കും എന്നുള്ളതാണ് എൻപിഎസിൻറെ ആകർഷണം. നിക്ഷേപകർക്ക് തന്നെ ഏത് പെൻഷൻ ഫണ്ട് വേണമെന്നത് തീരുമാനിക്കാം. എൻപിഎസിലൂടെ വരുന്ന തുക വിപണിയിൽ നിക്ഷേപിച്ച് വളർച്ച ഉറപ്പാക്കാൻ എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട് എന്നിവയടക്കം 7 ഫണ്ട് മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
എൻപിഎസ് ആർക്കൊക്കെ?
60 വയസ് കഴിഞ്ഞാൽ പെൻഷൻ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയിൽ ചേരാം. അവർക്ക് പദ്ധതിയിൽ ചേർന്ന് 3 വർഷങ്ങൾക്ക് ശേഷം പെൻഷൻ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയിൽ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം.
പ്രവാസികൾക്കൊരു ആശ്രയം
പ്രവാസികൾക്ക് പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. മിനിമം ഒരു വർഷം 6000 രൂപയെങ്കിലും നിക്ഷേപിക്കണം. നാട്ടിലുള്ളവർക്ക് ഇത് ആയിരം രൂപയാണ്. പ്രവാസികൾക്ക് എൻപിഎസിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം.എൻആർഇ, എൻആർഒ ബാങ്ക് അകൗണ്ടുകളിലൂടെ എൻപിഎസിൽ നിക്ഷേപം നടത്തുകയും ചെയ്യാം.18നും 70വയസിനും ഇടയിലുള്ള പെർമനൻറ് റിട്ടയർമെൻറ് അകൗണ്ട് നമ്പറുള്ള പ്രവാസികൾക്ക് പദ്ധതിയുടെ ഭാഗമാകാം. ആധാർ നമ്പർ, കാൻസൽ ചെയ്ത ചെക്ക്, അല്ലെങ്കിൽ പാൻ, പാസ്പോർട്ട് എന്നിവയാണ് ആവശ്യമായ രേഖകൾ
ആദായനികുതി ഇളവ്
80സി പ്രകാരം 1.50 ലക്ഷം രൂപ വരെയുള്ള നികുതി ഇളവിന് എൻപിഎസിലെ നിക്ഷേപത്തിലൂടെ സാധിക്കും. എൻപിഎസിൽ മാത്രം 50000 രൂപയുടെ അധിക നികുതി ഇളവും നേടാം.