ഷാര്‍ജ: കൊലക്കേസിലെ പ്രതിയെ ഷാര്‍ജ പൊലീസ് പിടികൂടിയത് വെറും 36 മണിക്കൂറിനകം. ഏഷ്യക്കാരനായിരുന്നു പ്രതി. ഷാര്‍ജയിലെ വ്യാവസായിക മേഖലകളിലൊന്നില്‍ മൃതദേഹം കണ്ടെത്തിയതായി സെപ്റ്റംബര്‍ 30-ന് ക്രിമിനല്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) വിഭാഗത്തില്‍ റിപോര്‍ട്ട് ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ബന്ധപ്പെട്ട അധികാരികള്‍ക്കൊപ്പം സുരക്ഷാ പട്രോളിങ് സ്ഥലത്തേയ്ക്ക് നീങ്ങി.
ഇരയെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് കുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെട്ടയാളേയും കുറ്റവാളിയേയും തിരിച്ചറിയാന്‍ അന്വേഷണ ഏജന്‍സികള്‍ തിരച്ചില്‍ ആരംഭിച്ചു. 12 മണിക്കൂറിനുള്ളില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞു.
പ്രതി യുഎഇ താമസകുടിയേറ്റ നിയമം ലംഘിച്ചതായി കണ്ടെത്തി. ദുബായ് പൊലീസുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. അയാള്‍ കുറ്റം സമ്മതിക്കുകയും കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.