മലയാളത്തിനൊപ്പം ഇതരഭാഷകളിലും തിരക്കുള്ള താരമാണ് ഇപ്പോൾ ഫഹദ് ഫാസിൽ. തമിഴിൽ വിക്രം, മാമന്നൻ, തെലുങ്കിൽ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിൻറെ താരമൂല്യം വലിയ രീതിയിലാണ് ഉയർത്തിയത്. മികച്ച അഭിനയശേഷിയും താരമൂല്യവുമുള്ള നടനെന്ന് ഇന്ത്യയൊട്ടാകെയുള്ള പ്രശസ്തിയും ഫഹദിന് ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. മാരി സെൽവരാജിൻറെ സംവിധാനത്തിൽ ഈ വർഷമെത്തിയ മാമന്നനിൽ ഇരുവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ജാതി രാഷ്ട്രീയം സംസാരിച്ച ഗൌരവമുള്ള പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം പക്ഷേ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും!
ഒരു ഫൺ റോഡ് മൂവി ആയിരിക്കും ഇതെന്നും ഒരു പുതുമുഖ സംവിധായകനാവും ചിത്രം ഒരുക്കുകയെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള എക്സിൽ കുറിച്ചു. സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൌധരി ആയിരിക്കും നിർമ്മാണം. ചിത്രം അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധർ പിള്ള അറിയിക്കുന്നു. അതേസമയം രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ആവേശമാണ് ഫഹദിൻറെ പുതിയ മലയാളം ചിത്രം. തെലുങ്കിൽ പുഷ്പ 2 ഉും വരാനുണ്ട്. സൂപ്പര് ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന മലയാള ചിത്രം ഹനുമാൻ ഗിയറും ഫഹദിൻറെ അപ്കമിംഗ് ലൈനപ്പുകളിൽ ഉണ്ട്.