കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങാൻ തയ്യാറെടുക്കുകയാണ്. കൊച്ചിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
കഴിഞ്ഞ മത്സരത്തിൽ ബംഗളൂരുവിനോട് നേടിയതു പോലെയൊരു വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
എന്നത്തേയും പോലെ കൊച്ചിയിലെ ഇത്തവണത്തെ ആദ്യ മത്സരവും മഞ്ഞക്കടലിനെ സാക്ഷിയാക്കിയാണ് നടന്നത്. മുപ്പതിനായിരത്തിലധികം കാണികളാണ് മത്സരം കാണാൻ എത്തിയത്. കൊച്ചിയിലെ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന കാണികളുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ ഉള്ളതു കൊണ്ട് മാത്രമാണ് ഇതിൽ ഒതുങ്ങുന്നത്. അല്ലെങ്കിൽ ഇതിനേക്കാൾ കൂടുതൽ കാണികൾ മത്സരത്തിനായി എത്തിച്ചേരുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
ആദ്യത്തെ മത്സരമായതിനാൽ തന്നെ ആരാധകരുടെ ആവേശവും അതിന്റെ ഏറ്റവുമുയർന്ന രൂപത്തിലായിരുന്നു. സീസണിന് വിജയത്തോടെ തുടക്കം കുറിക്കാൻ ഈ ആരാധകപിന്തുണ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഇറങ്ങുമ്പോൾ ഈ ആരാധകർ തന്നെയാണ് ജംഷഡ്‌പൂർ പരിശീലകനും പ്രധാന ഭീഷണിയായി കാണുന്നത്.
“കേരള ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുണക്കുന്ന ആരാധകർ വളരെ മികച്ചതാണ്. ഈ മഞ്ഞക്കടൽ കാണുന്നത് തന്നെ അതിമനോഹരമായ കാഴ്‌ചയാണ്. ഇതുപോലെയൊരു മൈതാനവും ആർത്തിരമ്പുന്ന ഗാലറിയും അവിടെ കളിക്കുന്ന താരങ്ങൾക്കും സ്റ്റാഫിനും നൽകുന്ന ഊർജ്ജം ചെറുതാകില്ല.എനിക്കു പേടിയും ഈ ആരാധക കൂട്ടത്തെയാണ്.എന്റെ കുട്ടികൾ ഒട്ടും മോശമല്ല.പക്ഷെ ആരാധകരാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. ഇതുപോലെ ആരാധകപിന്തുണയുള്ള ഒരു ടീമിനെ നേരിടുമ്പോൾ എതിരാളികളുടെ വർക്ക് റേറ്റിനൊപ്പം നമ്മളുമെത്തണം. ഇത് കാണികളുടെ എണ്ണം മാത്രമല്ല. ആ കളറും അവരുടെ ശബ്‌ദവുമെല്ലാമാണ്. അത് മനസിലാക്കി കണ്ണു തുറന്നു പിടിച്ച് കളിക്കണം.ഇല്ലെങ്കിൽ ബംഗളൂരൂവിന് സംഭവിച്ചതുതന്നെ സംഭവിക്കും ”ജംഷഡ്പൂർ കോച്ച് സ്‌കോട്ട് കൂപ്പർ പറഞ്ഞു.
അതേസമയം ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനോട് നേടിയ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്. ജംഷഡ്‌പൂർ എഫ്‌സിയാകട്ടെ സീസണിലെ ആദ്യത്തെ വിജയം തേടിയാണ് കൊച്ചിയിൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളുമായി ജംഷഡ്‌പൂർ സമനിലയിൽ പിരിയുകയായിരുന്നു. മഴയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും മികച്ചൊരു മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.