ദില്ലി: പശ്ചിമ ബംഗാളിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം യുവതിയെ കഴുത്തറത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തറത്ത നിലയിലും മുഖം കത്തിച്ച നിലയിലും കൈയും കാലുകളും കെട്ടിയിട്ട നിലയിലുമായിരുന്നു യുവതിയുടെ മൃതദേഹം. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ സ്വരൂപ് നഗർ അതിർത്തി മേഖലയിലെ ഗുൺരാജ് പുർ ഗ്രാമത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുബൈയിൽ ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശി യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ബംഗ്ലാദേശിലേക്ക് പോകുന്നതിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നും പണത്തിനുവേണ്ടിയായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പ്രാഥമിക നിഗനമെന്നും ബാസിർഹട്ട് പൊലീസ് സൂപ്രണ്ട് ജോബി തോമസ് പറഞ്ഞു.നാട്ടിലേക്ക് പോകുമ്പോൾ സാധാരണയായി പണവും സ്വർണാഭരണങ്ങളും കൂടെ കൊണ്ടുപോകാറുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച യുവതിയുടെ ബാഗിൽനിന്നും പണമോ മറ്റു വിലപ്പിടിപ്പുള്ള വസ്തുക്കളോ സ്വർണാഭരണങ്ങളൊ കണ്ടെത്താനായിരുന്നില്ല. അതിനാലാണ് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയശേഷം കവർച്ച നടത്തിയിരിക്കാമെന്ന സംശയിക്കുന്നതെന്നും ജോബി തോമസ് പറഞ്ഞു.
യുവതിയുടെ ബാഗിൽനിന്ന് ലഭിച്ച കണ്ണടയുടെ കവറിൽ ബംഗ്ലാദേശിലെ ഫരിദ്പുർ എന്ന വിലാസം ലഭിച്ചിരുന്നു. തുടർന്നാണ് ബംഗ്ലാദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. യുവതിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെന്നും അവർ സ്ഥലത്തേക്ക് പുറപ്പെട്ടുവെന്നും പിടിയിലായ പ്രതിയെ ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെതുടർന്ന് സ്വരൂപ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബികാരി ഗ്രാമത്തിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട യുവതി ഇന്ത്യയിലേക്ക് കടന്നത് നിയമപരമായിട്ടാണോയെന്ന് വ്യക്തമല്ലെന്നും കുടുംബാംഗങ്ങൾ എത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാകുവെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചാലെ യഥാർഥ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് കൂട്ടിചേർത്തു.