KeralaNEWS

കാന്തല്ലൂർ എന്ന കേരളത്തിന്റെ കാശ്മീർ

വിദൂരതയിൽ കോടമഞ്ഞ് നിറഞ്ഞ മലനിരകളും താഴെക്ക് കുത്തനെയൊഴുകുന്ന ചെറു അരുവികളും മഞ്ഞില്‍ കുളിരണിഞ്ഞ താഴ്‌വരകളും അലസമായ നടക്കുമ്പോള്‍ കൈയ്യെത്തുന്ന അകലത്തില്‍ നിന്ന് ഒരു ആപ്പിളോ, ഓറഞ്ചോ, മാതളമോ ഒക്കെ പൊട്ടിച്ച് കഴിക്കാനും ഒക്കെ കഴിയുന്ന ഒരിടം.
കേട്ടിട്ട് ഇത് കാശ്മീരിലെയോ ഹിമാചല്‍പ്രദേശിലെയോ ഏതെങ്കിലും സ്ഥലമാണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.കേരളത്തിന്റെ കാശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ആപ്പിള്‍ താഴ്വരയായ കാന്തല്ലൂരിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപ്രദേശമാണ് കാന്തല്ലൂര്‍.കുറച്ചുകൂടി വ്യക്തമാക്കിയാല്‍ കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തിയില്‍ ഉദുമല്‍പേട്ടയ്ക്കും മൂന്നാറിനുമിടയില്‍ സ്ഥിതി ചെയ്യുന്ന തമിഴ് പ്രധാന ഭാഷയായി സംസാരിക്കുന്ന മനോഹരമായ ഒരു മലയോരഗ്രാമമാണ് കാന്തല്ലൂര്‍. മനംകുളിര്‍പ്പിക്കുന്ന ശാന്തമായ കാലാവസ്ഥയാലും ഹൃദയം നിറയ്ക്കുന്ന പ്രകൃതിഭംഗിയാലും പശ്ചിമഘട്ടത്തിന്റെ കിഴക്കുഭാഗത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

രാജ്യത്തെ തന്നെ ബെസ്റ്റ് ടൂറിസം വില്ലേജ് എന്ന പുരസ്കാരം കഴിഞ്ഞ ദിവസമാണ് കാന്തല്ലൂര്‍ സ്വന്തമാക്കിയത്.ജനപങ്കാളിത്തത്തോടെ ടൂറിസം വളര്‍ച്ചയ്‌ക്ക് വേണ്ടി പദ്ധതികള്‍ തയ്യാറാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്.കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ ഗ്രാമമാണ് കാന്തല്ലൂര്‍.പരമ്ബരാഗത ജീവിതരീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി പഞ്ചായത്തുമായി ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം മിഷൻ ആണ് കാന്തല്ലൂരിലെ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയത്.

Signature-ad

മൂന്നാറിന്റെ മലമടക്കുകളുടെ പശ്ചാത്തലത്തിലാണ് കാന്തല്ലൂർ ഗ്രാമം അതിസുന്ദരിയായി നിലനിൽക്കുന്നത്.മൂന്നാറിൽ നിന്ന് ഏറെ സഞ്ചാരികൾ മറയൂർ വഴി കാന്തല്ലൂരിലേക്കെത്തുന്നു.കൃഷിയാണ് കാന്തല്ലൂർ നിവാസികളുടെ പ്രധാന വരുമാനം.

പച്ചപ്പണി‍ഞ്ഞ പാടങ്ങളും അതിനു നടുവിൽ ഓല മേഞ്ഞ പുരകളും നാടിന്റെ ഐശ്വര്യം കൂട്ടുന്നു.ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലൂടെയുള്ള യാത്ര മനസ്സിന് കുളിരു പകരുന്ന അനുഭവമാണ്.നയനമനോഹരങ്ങളായ കാഴ്ചകൾ മാത്രമല്ല, ഇവിടെ ഓറഞ്ച് തോട്ടങ്ങളുണ്ട്.  ആപ്പിൾ കായ്ക്കുന്ന പറമ്പുകളുണ്ട്.പാഷൻ ഫ്രൂട്ടും കാബേജും വെളുത്തുള്ളിയും വിളയുന്ന പാടങ്ങളുമുണ്ട്.കരിമ്പിൻ നീര് ഊറ്റിയെടുത്ത് ശർക്കരയുണ്ടാക്കുന്ന ഫാക്ടറികളും കാന്തല്ലൂരിന്റെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു.

മുനിയറകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.മനുഷ്യർ പാർത്തിരുന്ന ഗുഹകളാണ് മുനിയറകളെന്നു കരുതുന്നു. മൃതദേഹം അടക്കം ചെയ്തിരുന്ന കുഴികളാണ് ഇതെന്നും പറയപ്പെടുന്നു.അതെന്തായാലും മനുഷ്യന്റെ ആദിമ കാല ജീവിതം മുനിയറികളിൽ കണ്ടറിയാം. വനം വകുപ്പാണ് ഇതു സംരക്ഷിക്കുന്നത്.

ഒരുകാലത്ത്‌ ജൈന സന്യാസിമാരുടെ ആവാസകേന്ദ്രമായിരുന്ന കണ്ണകി ക്ഷേത്രവും മുനിയറകളും ഇവിടുത്തെ ചരിത്രശേഷിപ്പുകളാണ്‌.പട്ടിശേരി അണക്കെട്ടും പാമ്പാറിന്റെ കൈവഴിയായ ചെങ്കല്ലാറും കാന്തല്ലൂരിനെ ജൈവകാർഷിക സമൃദ്ധമാക്കുന്നു.സംഘകാല സാഹിത്യത്തിൽ മറയൂർ  മലഞ്ചരിവുകളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന പദ്യങ്ങളുണ്ട്. പഴനിമലക്ക് തെക്ക് കാന്തളകൾ പൂക്കുന്ന മലഞ്ചരിവുകളിൽ ചന്ദനമരത്തിന്റെ പഴങ്ങൾ കഴിച്ച് മത്ത് പിടിച്ചിരിക്കുന്ന കുരങ്ങുകളെ കുറിച്ച് പുറനാനൂറിലും വിവരിക്കുന്നുണ്ട്.

മനോഹരമായ ഭൂപ്രകൃതിയാണ് കാന്തല്ലൂരിനെ സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാക്കി മാറ്റുന്നത്. കാന്തല്ലൂരില്‍ വിളയുന്ന ആപ്പിള്‍ വളരെ പ്രശസ്തമാണ്.ഇവിടുത്തെ ആപ്പിള്‍ താഴ്‌വരയിലൂടെയുള്ള ചെറുനടത്തതിനും തോട്ടത്തില്‍ നിന്ന് തന്നെ നേരിട്ട് ആപ്പിള്‍ മേടിക്കാനും മരത്തില്‍ നിന്ന് പറിച്ചെടുക്കാനും ഒട്ടേറപേര്‍ ഇവിടെയെത്താറുണ്ട്.പശ്ചിമഘട്ടത്തിന്റെ സൗന്ദര്യത്തോടൊപ്പം ഒരു ഹിമാലയന്‍ താഴ്‌വര പോലെയുള്ള ഭൂപ്രകൃതിയും കാന്തല്ലൂരിനെ അവിസ്മരണീയമാക്കുന്നു.

Back to top button
error: