രാജസ്ഥാനിലെ ഗുര്‍ജാര്‍ സമുദായം ആരാധന നടത്തുന്ന ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രി സംഭാവനയായി ഒരു കവര്‍ നല്‍കിയിരുന്നു.വളരെ പ്രതീക്ഷയോടെ കവര്‍ തുറന്ന് നോക്കിയപ്പോള്‍ അധികൃതര്‍ കണ്ടത് 21 രൂപയാണ്.
കേന്ദ്ര സാംസ്കാരിക വകുപ്പ് നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന്‍റെ ഭാഗമായി ജനുവരി 28നാണ് പ്രധാനമന്ത്രി ക്ഷേത്രദര്‍ശനം നടത്തിയത്. പ്രാര്‍ഥന നടത്തിയ ശേഷം അദ്ദേഹം കവര്‍ ഭണ്ഡാരത്തില്‍ ഇട്ടു. പ്രധാനമന്ത്രിയുടെ സംഭാവന എന്താണെന്നറിയാൻ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു.
ആചാരപ്രകാരം വര്‍ഷത്തില്‍ ഒരു പ്രത്യേക ദിവസം മാത്രമാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. പ്രധാനമന്ത്രിയുടെതുള്‍പ്പെടെ ഇത്തവണ മൂന്ന് കവറുകളാണ് ലഭിച്ചത്. മറ്റുള്ളവയില്‍ 2100, 101 എന്നിങ്ങനെയായിരുന്നു തുക. മൂന്ന് കവറുകളും മൂന്ന് നിറത്തിലുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രിയുടേത് വെള്ളക്കവര്‍ ആയിരുന്നെന്നും അതില്‍ 20ന്‍റെ നോട്ടും ഒരു രൂപയുടെ കോയിനുമാണ് ഉണ്ടായിരുന്നതെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.