ഹൈദരാബാദ്: ശമ്പളക്കാര്യത്തിൽ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ബിബിഎ വിദ്യാർഥിനി. പഠിച്ചിറങ്ങുമ്പോൾ തന്നെ 10 ലക്ഷം രൂപയാണ് ഈ മിടുക്കി ശമ്പളമായി നേടാൻ പോകുന്നത്. കേവലം 20കളുടെ തുടക്കത്തിൽ മാത്രം പ്രായമെത്തിനിൽക്കുന്ന ഈ വിദ്യാർഥിനി, ഈ പ്രായത്തിലെ ശമ്പളത്തുകയുടെ കാര്യത്തിൽ ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഐഎഫ്എസോ, ഡോക്ടറോ, എൻജിനീയറോ, ഐടി പ്രൊഫഷണലോ മറ്റോ ആണ് ഈ മിടുക്കി എന്ന് കരുതിയെങ്കിൽ തെറ്റി. ബിബിഎ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥിനിയാണ് 10 ലക്ഷം രൂപ ശമ്പളത്തിൻറെ ഉടമയായിരിക്കുന്നത്. അത് നൽകുന്നതാകട്ടെ ഒരു ബാങ്കും.
വിശദമായി പറഞ്ഞാൽ ഹൈദരാബാദ് സ്വദേശി മലിസ ഫെർണാണ്ടസാണ് 10.05 ലക്ഷം രൂപ ശമ്പളം നേടുന്നതിലൂടെ രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്യാംപസ് ഇൻറർവ്യൂവിലൂടെയാണ് ഈ മിടുക്കി സ്വപ്ന നേട്ടം സ്വന്തമാക്കിയത്. ആക്സിസ് ബാങ്കിൻറെ ഒരു വാർത്താക്കുറിപ്പാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്. മലിസയെ കഴിഞ്ഞ ദിവസമാണ് ഡെപ്യൂട്ടി മാനേജർ ആയി നിയമിക്കുന്നതായി ആക്സിസ് ബാങ്ക് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഈ വാർത്തക്കുറിപ്പിലാണ് ഈ മിടുക്കിയുടെ ശമ്പളം മാസം 10.05 ലക്ഷം ആണെന്നും വ്യക്തമാക്കിയത്.
ഹൈദരാബാദിലെ എൻഎംഐഎംഎസിലെ ബിബിഎ വിദ്യാർഥിനിയാണ് മലിസ. വിവരം പുറത്തു വന്നതോടെ മലിസയ്ക്ക് അഭിനന്ദന പ്രവാഹമാണ്. എൻഎംഐഎംഎസ് ഹൈദരാബാദ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷടക്കമുള്ളവർ ഇതിനകം അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഹൈദരാബാദ് എൻഎംഐഎംഎസിന് അഭിമാനകരമായ നേട്ടമാണെന്നും മറ്റ് കുട്ടികൾക്ക് മാതൃകയാണ് മലിസയെന്നുമാണ് ഡയറക്ടർ ഡോ. സിദ്ധാർത്ഥ ഘോഷ് പറഞ്ഞത്. രാഷ്ട്രീയ രംഗത്തെയടക്കം നിരവധി പ്രമുഖരും കുട്ടിക്ക് ആശംസകളറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.