ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയുടെ നിർമാണത്തിൽ ടെൻഡർ ചട്ടലംഘനം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം തുടങ്ങി സിബിഐ. ദില്ലി സർക്കാരിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായാൽ രജിസ്റ്റർ ചെയ്യുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. കെട്ടിടത്തിൽ പുതുക്കിപ്പണിയുന്നതിനുള്ള പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനുമതിയുടെ രേഖകൾ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട് സിബിഐ ദില്ലി പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു.
ബിൽഡിംഗ് പ്ലാനിന്റെ അംഗീകാരം സംബന്ധിച്ച രേഖകളും മാർബിൾ ഫ്ലോറിംഗും കരാറുകാരന്റെ പേയ്‌മെന്റുകളുടെ വിശദാംശങ്ങളും ഉൾപ്പെടുന്ന രേഖകളും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ വരുന്ന ചൊവ്വാഴ്ച രാവിലെ 10 മണിക്കകം ഹാജരാക്കണമെന്നാണ് സിബിഐ നിർദേശിച്ചു. ആം ആദ്മിയെ തകർക്കാൻ ബിജെപി മുഴുവൻ ശക്തിയും ഉപയോഗിക്കുകയാണെന്ന് പാർട്ടി ആരോപിച്ചു. കെജ്‌രിവാളിനെതിരെ 50-ലധികം കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ബിജെപി എത്ര അന്വേഷണം നടത്തിയാലും അരവിന്ദ് കെജ്‌രിവാൾ സാധാരണക്കാരുടെ താൽപ്പര്യങ്ങൾക്കായി പോരാടുന്നത് തുടരും. ഇന്ത്യയെ ലോകത്തിലെ ഒന്നാം നമ്പർ ആക്കുമെന്ന് കെജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്തു,. ഇതിന് എന്ത് വിലയും നൽകാനും അദ്ദേഹം തയ്യാറാണെന്നും എഎപി പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നവീകരണം നഗരത്തിന്റെ മാസ്റ്റർ പ്ലാനിന്റെ ലംഘനമാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിനായി എഎപി 45 കോടി രൂപ ചെലവഴിച്ചുവെന്നും ബിജെപി ആരോപിച്ചു. രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ ലളിത ജീവിതം നയിക്കുമെന്ന കെജ്‌രിവാളിന്റെ ഉറപ്പ് ലംഘിച്ചതായും ബിജെപി കുറ്റപ്പെടുത്തി. ഈ വാർത്ത ഒതുക്കുന്നതിന് അരവിന്ദ് കെജ്‌രിവാൾ 50 കോടി രൂപ വരെ മാധ്യമങ്ങൾക്ക് വാഗ്ദാനം ചെയ്തതായും ബിജെപി ആരോപിച്ചു.