തിരുവനന്തപുരം: മരം മുറിച്ച കൂലി കിട്ടിയില്ല എന്ന് ആരോപിച്ച് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവയസ്‌കൻ. ഇന്നലെ രാവിലെ കുന്നത്തുകാലിൽ ആണ് സംഭവം. കാരക്കോണം സ്വദേശി സൈമൺ (55)ആണ് ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം കാരക്കോണത്തുള്ള ഒരു സ്ഥാപനത്തിൽ സൈമൺ മരം മുറിക്കാൻ പോയിരുന്നു. മരം മുറിച്ച് കഴിഞ്ഞു കൂലി ചോദിച്ചപ്പോൾ ഉടമ സ്ഥലത്തില്ല എന്നും വന്നയുടനെ കൂലി നൽകാം എന്നും ജീവനക്കാർ അറിയിച്ചു. ഏറെ നേരം കഴിഞ്ഞും കാശ് കിട്ടാതെ ആയപ്പോൾ ഇയാൾ പെട്രോളുമായി സ്ഥാപനത്തിൽ കയറി തീ കൊളുത്തും എന്ന് ഭീഷണിപ്പെടുത്തി.
തുടുർന്ന് സ്ഥാപനത്തിൽ നിന്നും വെള്ളറട പൊലീസിൽ പരാതി നൽകി. വെള്ളറട പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സൈമണെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇന്നലെ രാവിലെ കയറുമായി മരത്തിന്റെ മുകളിൽ കയറി കഴുത്തിൽ കുരുക്ക് ഇട്ട സൈമൺ ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പാറശാല ഫയർ ഫോഴ്‌സ്, വെള്ളറട പൊലീസും സ്ഥലത്തെത്തി സൈമണെ അനുനയിപ്പിച്ചു താഴെ ഇറക്കി. തുടർന്ന് വെള്ളറട സ്റ്റേഷനിൽ എത്തിച്ച സൈമണിന്റെ മകനെ വിളിച്ച് വരുത്തി കൂടെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056 }