IndiaNEWS

”ഇസ്‌കോണ്‍ കൊടും വഞ്ചകര്‍; ഗോശാലയിലെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു”

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൃഷ്ണഭക്ത സംഘടനയായ ഇസ്‌കോണിനെതിരെ (ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ്) ഗുരുതര ആരോപണവുമായി ബിജെപി എംപി മേനക ഗാന്ധി. ഇസ്‌കോണ്‍ രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരാണെന്നും അവരുടെ ഗോശാലയില്‍നിന്ന് ഗോക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണെന്നും മേനക ഗാന്ധി ആരോപിച്ചു. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ സംസാരിക്കവേയാണ് മേനക ഗാന്ധി ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ മേനക ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഇസ്‌കോണ്‍ പ്രതിനിധികള്‍ രംഗത്തുവന്നു.

”രാജ്യത്തെ കൊടും വഞ്ചകരാണ് ഇസ്‌കോണ്‍. അവര്‍ ഗോശാലകള്‍ നടത്തുകയും സര്‍ക്കാരില്‍നിന്ന് ഭൂമി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്നു. ആന്ധ്രാപ്രദേശിലെ അനന്ത്പുരിലെ ഗോശാലയില്‍ ഞാന്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവിടെ കറവവറ്റിയ ഒരു പശുവിനെപ്പോലും കാണാനായില്ല. അവിടെ ഒരു പശുക്കുട്ടി പോലും ഉണ്ടായിരുന്നില്ല. അതിനര്‍ഥം എല്ലാത്തിനെയും അവര്‍ വിറ്റു എന്നാണ്.

Signature-ad

ഇസ്‌കോണ്‍ അവരുടെ എല്ലാ പശുക്കളെയും കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്. അവര് ചെയ്യുന്നതു പോലെ മറ്റാരും ഇത്തരത്തില്‍ ചെയ്യാറില്ല. ഇതൊക്കെ ചെയ്തിട്ട് അവര്‍ ‘ഹരേ റാം ഹരേ കൃഷ്ണ’ എന്ന് വഴിതോറും പാടി നടക്കുന്നു. എന്നിട്ട് അവര്‍ പറയുന്നു അവരുടെ ജീവിതം മുഴുവന്‍ പാലുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന്. ഇവര്‍ കശാപ്പുകാര്‍ക്ക് വിറ്റ അത്രയും കന്നുകാലികളെ മറ്റാരും വിറ്റു കാണില്ല” – മേനക ഗാന്ധി പറഞ്ഞു.

എന്നാല്‍, ആരോപണങ്ങള്‍ നിഷേധിച്ച് ഇസ്‌കോണ്‍ ദേശീയ വക്താവ് യുധിഷ്ഠിര്‍ ഗോവിന്ദ രംഗത്തുവന്നു. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകെ ഗോസംരക്ഷണത്തിന് മുന്നില്‍ നില്‍ക്കുന്നവരാണ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പശുക്കളെയും കാളകളെയും സംരക്ഷിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അവരെ കശാപ്പുകാര്‍ക്ക് വിറ്റിട്ടില്ലെന്നും ഗോവിന്ദ പറഞ്ഞു.

ബീഫ് മുഖ്യ ആഹാരമായ സ്ഥലത്തുപോലും ഗോസംരക്ഷണവുമായി എത്തുന്നവരാണ് ഇസ്‌കോണെന്നും അദ്ദേഹം അറിയിച്ചു. അറിയപ്പെടുന്ന മൃഗസംരക്ഷണ പ്രവര്‍ത്തകയും ഇസ്‌കോണിന്റെ അഭ്യുദയകാംക്ഷിയുമായി മേനക ഗാന്ധി ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ചത് അദ്ഭുതപ്പെടുത്തുന്നെന്നും ഇസ്‌കോണ്‍ പ്രസ്താവനയില്‍ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ കൃഷ്ണഭക്ത സംഘടനയായാണ് ഇസ്‌കോണ്‍ അറിയപ്പെടുന്നത്. ‘ഹരേ കൃഷ്ണ’ മുന്നേറ്റവുമായി ബന്ധപ്പെട്ട് ലോകത്താകമാനം നൂറോളം ക്ഷേത്രങ്ങളും ലക്ഷക്കണക്കിന് ഭക്തപിന്തുണയുമുള്ള പ്രസ്ഥാനമാണ് ഇസ്‌കോണ്‍.

 

Back to top button
error: