ലഖ്നൗ: സുഖമായുറങ്ങാന്‍ ഡോക്ടര്‍ ടെംപറേച്ചര്‍ കുറച്ചുവച്ചതിനെത്തുടര്ന്ന് തണുപ്പ് താങ്ങാനാകാതെ ഉത്തർപ്രദേശിൽ രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് സംഭവം.
ക്ലിനിക്കിന്റെ ഉടമ ഡോ. നീതു, ശനിയാഴ്ച്ച രാത്രി മുഴുവന്‍ എസി ഓണാക്കി വച്ചിരുന്നതായും പിറ്റേന്ന് രാവിലെ കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിനെതിരെ ഐപിസി സെക്ഷന്‍ 304 (നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ (കൈരാന) നേത്രപാല്‍ സിംഗ് പറഞ്ഞു.
ശനിയാഴ്ച്ച കൈരാനയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജനിച്ച കുഞ്ഞുങ്ങളെ അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയിരുന്നതായാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ഇവരെ ചികിത്സയ്ക്കായി ഫോട്ടോ തെറാപ്പി യൂണിറ്റില്‍ പാര്‍പ്പിച്ചു. ശനിയാഴ്ച രാത്രി ഉറങ്ങാനായി നീതു എയര്‍കണ്ടീഷണര്‍ ഓണ്‍ ചെയ്തു. അടുത്ത ദിവസം രാവിലെ വീട്ടുകാര്‍ എത്തിയപ്പോള്‍ രണ്ട് കുട്ടികളെയും യൂണിറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ (എസിഎംഒ) ഡോ.അശ്വനി ശര്‍മ്മ പറഞ്ഞു.