തിരുവല്ല: മനയ്ക്കച്ചിറയിൽ ആയുര്‍വേദ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.കാരുണ്യ ആയുര്‍വേദ ആൻഡ് പഞ്ചകര്‍മ്മ ബ്യൂട്ടി ക്ലിനിക് നടത്തിയിരുന്ന ലിസി ഫിലിപ്പോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മന്ദിരം വയലാ ഹില്‍സില്‍ തോമസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയെത്തുടർന്നാണ് നടപടി.പരാതി ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് കലക്ടർ കൈമാറിയിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ചികിത്സ നടത്താനുള്ള യോഗ്യത ഇല്ലെന്നു തെളിഞ്ഞു. തുടര്‍ന്ന് ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് നടപടിക്കായി തിരുവല്ല പൊലീസിനു കൈമാറുകയായിരുന്നു.
ഇടുക്കി സ്വദേശിനിയായ ഇവർ ആയുര്‍വേദ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്ത പരിചയത്തിലാണ് ബിഎഎംഎസ് ഡോക്ടര്‍ എന്ന ബോര്‍ഡ് വാടക വീടിനു മുൻപില്‍ പ്രദര്‍ശിപ്പിച്ച് ചികിത്സ നടത്തി വന്നിരുന്നത്.