കൊച്ചിയില്‍ നിന്ന് രണ്ടു വർഷം മുൻപു കാണാതായ ജെഫ് ജോണ്‍ ലൂയിസി(27)നെ കൊലപ്പെടുത്തിയത് ഗോവ വാഗതോര്‍ ഗ്രാമത്തില്‍ വച്ച് എന്ന് പ്രതികളുടെ മൊഴി. കടല്‍തീരത്തിനടുത്തുള്ള കുന്നിന്‍പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചത്. പ്രതികളായ കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരെ വാഗതോറില്‍ എത്തിച്ച് കൊച്ചി സൗത്ത് പൊലീസ് തെളിവെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് പ്രതികളുമായി എറണാകുളം സൗത്ത് ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കവും, മുന്‍ വൈരാഗ്യവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.
യുവാവിനെ കാണാനില്ലെന്ന് എറണാകുളം സൗത്ത് പൊലീസിൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ലഹരി, സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്കു കാരണം. അനിലും സ്റ്റെഫിനും മുൻപും മറ്റു കേസുകളിൽ പ്രതികളാണ്.
2021 നവംബറിലായിരുന്നു തേവര സ്വദേശിയായ ജെഫ് ജോണ്‍ ലൂയിസിനെ കാണാതായത്. അതേ മാസം തന്നെ ജെഫിനെ കൊലപ്പെടുത്തി എന്നാണ് പ്രതികള്‍ നല്‍കുന്ന മൊഴി. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ വാഗതോറില്‍ നിന്ന് അഴുകിയ നിലയില്‍ ഗോവ പൊലീസിന് ഒരു മൃതദേഹം കിട്ടിയിരുന്നു. ഇത് തിരിച്ചറിയാന്‍ ഗോവ പൊലീസിന് സാധിച്ചിരുന്നില്ല. മൃതദേഹം ജെഫിന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികളിലേക്ക് കേരള പൊലീസ് കടന്നിരിക്കുകയാണ്. കൂടുതല്‍ പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.