ശക്തമായ മഴയെ തുടര്‍ന്ന് വിതുര ആനപ്പാറ നാല് സെന്റ് കോളനിയിലെ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ബോണക്കാട്, പൊൻമുടി ഉള്‍വനത്തിലും ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
തലസ്ഥാനത്തെ മലയോര മേഖലകളില്‍ ഇന്നലെ മുതൽ ശക്തമായ മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് വാമനപുരം നദിയിലും ജലനിരപ്പ് ഉയരുകയാണ്. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്.ഇതിനെ തുടർന്ന് മീനച്ചിലാറിന്റെ തീരങ്ങളില്‍ ജല നിരപ്പ് അനുനിമിഷം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.തീക്കോയി, തലനാട് അടക്കം ശക്തമായ മഴയാണ് തുടരുന്നത്. അതിനിടയില്‍ തലനാട് വെള്ളാനിയില്‍ ഉരുള്‍ പൊട്ടല്‍ ഉള്ളതായും സൂചനയുണ്ട്. തീക്കോയി വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്ബും തുറന്നിട്ടുണ്ട്. നിലവില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംസ്ഥാനത്ത് ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമ ബംഗാള്‍-ഒഡിഷ തീരത്ത് ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.