CrimeNEWS

കടയിലെത്തിയ എട്ട് വയസുള്ള പെൺകുട്ടിയോട് ക്രൂരത; 65കാരനായ കടയുടമക്ക് ജീവപര്യന്തവും 40 വര്‍ഷം തടവും 150000 രൂപ പിഴയും

തൃശൂർ: കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ വന്ന എട്ടുവയസുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ 65 കാരന് ജീവപര്യന്തവും കൂടാതെ 40 വർഷം തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം ചിറ്റഞ്ഞൂർ ആലത്തൂർ കോടത്തൂർ വീട്ടിൽ രവീന്ദ്രനെ (റൊട്ടേഷൻ രവി, 65) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോർട്ട് ജഡ്ജ് എസ് ലിഷ ശിക്ഷിച്ചത്. 2021 ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

പ്രായപൂർത്തിയാവാത്ത കുട്ടി കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നപ്പോഴാണ് രവീന്ദ്രൻ ലൈംഗികാതിക്രമം നടത്തിയത്. പീഡനത്തിനിരയായ അതിജീവതയുടെ മൊഴി കുന്നംകുളം പൊലീസ് ഇൻസ്‌പെക്ടറായിരുന്ന എൻ എ അനൂപിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഈ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചത് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറായിരുന്ന അനീഷ് വി കോരയായിരുന്നു. 21 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു.

Signature-ad

പോക്‌സോ കുറ്റത്തിന് 40 വർഷം തടവും പട്ടികജാതി അക്രമ നിരോധന വകുപ്പുകളിൽ ജീവപര്യന്തവുമാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ എസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഭിഭാഷകരായ അമൃത, അനുഷ, കുന്നംകുളം പൊലീസ് സ്റ്റേഷനിലെ വനിതാ സിവിൽ പൊലീസ് ഓഫീസർ രമ്യ, സിവിൽ പൊലീസ് ഓഫീസർ വിപിൻ ചന്ദ്രനും പ്രവർത്തിച്ചിരുന്നു.

അതേസമയം പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയിൽ നിന്നും ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിച്ച കേസിൽ പ്രതിക്ക് 12 വർഷം തടവ് ശിക്ഷ വിധിച്ചു എന്നതാണ്. ഇടുക്കി മാലിക്കുടി സ്വദേശി മനു വർഗീസിനെയാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 25000 രൂപ പിഴയൊടുക്കാനും ജഡ്ജ് ദിനേശ് എം പിള്ള ഉത്തരവിട്ടു. 2021 ജൂലൈ 1 മുതൽ 2022 മെയ് 20ന് ഇടയിൽ ഇയാളിൽ നിന്ന് അതിക്രമം നേരിട്ടതായാണ് പെൺകുട്ടിയുടെ പരാതി. 2022 ജൂലൈ 10 നാണ് പെൺകുട്ടി പെരുമ്പാവൂർ പൊലീസിന് മൊഴി നൽകിയതും കേസെടുത്തതും. അതേ വർഷം ജൂലൈ 19 നാണ് പോക്സോ കേസിൽ പ്രതി അറസ്റ്റിലാകുന്നത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് എ സിന്ധുവാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: