മടിക്കൈ: കാസർകോട് മടിക്കൈ ചരുരക്കിണറിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടിക്കുളം വെട്ടിത്തറക്കാലിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഹമ്മദ് ഇജാസ്, പാക്കം ചെർക്കാപ്പാറ സ്വദേശി ഇബ്രാഹിം ബാദുഷ എന്നിവരാണ് പിടിയിലായത്. ചതുരക്കിണറിൽ സ്റ്റേഷനറി കട നടത്തുന്ന ബേബി എന്ന സ്ത്രീയുടെ കഴുത്തിൽ നിന്നാണ് പ്രതികൾ സ്വർണ്ണമാല പൊട്ടിച്ചത് രക്ഷപ്പെട്ടത്.
മോഷണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് പ്രതികളെ പൊലീസ് പൊക്കിയത്. വെള്ളം ചോദിച്ചെത്തിയ യുവാക്കൾ ബേബിയുടെ മാല പൊട്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഹൊസ്ദുർഗ് പൊലീസിൻറെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ മുഹമ്മദ് ഇജാസും, ഇബ്രാഹിം ബാദുഷയെന്നും ഹൊസ്ദുർഗ് പൊലീസ് പറഞ്ഞു. 24 വയസുകാരാണ് ഇരുവരും.
മാലതട്ടിപ്പറിക്കലും ബൈക്ക് മോഷണവും അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവരെന്ന് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി. പതിനേഴാം വയസിൽ മോഷണം തുടങ്ങിയ മുഹമ്മദ് ഇജാസിൻറെ പേരിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മയക്ക് മരുന്ന് വിതരണം ഉൾപ്പടെ ആറ് കേസുകളുണ്ട്.
ഇബ്രാഹിം ബാദുഷ മോഷണം തുടങ്ങിയത് 17-ാം വയസിലാണ്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും കർണാടകത്തിലെ മംഗലാപുരത്തുമായി 12 മോഷണക്കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടെ 16 മാല പൊട്ടിക്കൽ കേസുകളാണ് കാസർകോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 13 കേസിലും പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.