പാലക്കാട്: അതിഥി തൊഴിലാളിയായ യുവാവിനെ പാലക്കാട് കഞ്ചാവുമായി പിടികൂടി. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡു൦ ചേർന്ന് നടത്തിയ പരിശോധനക്കിടെയാണ് സംഭവം. 9കിലോ 640ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാളിലെ ഉത്തര ദിനാജ്‌പൂർ സ്വദേശി മുഹമ്മദ് ഇഫ്താകിർ (26) ആണ് പിടിയിലായത്.
കേരളത്തിൽ പല സ്ഥലങ്ങളിലായി ഹോട്ടലുകളിലും ഇറച്ചിക്കടകളിലും ജോലി ചെയ്യുകയായിരുന്നു പ്രതി. എളുപ്പത്തിൽ പണ൦ സമ്പാദിക്കുന്നതിനായി കഞ്ചാവ് കച്ചവടത്തിലേക്ക് തിരിയുകയായിരുന്നു. പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ ഇന്ന് ഉദ്യോഗസ്ഥരുടെ പരിശോധന കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ്ഫോമിൽ തടഞ്ഞുവച്ചാണ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാളിലെ സിലിഗുരിയിൽ നിന്ന് കഞ്ചാവ് വാങ്ങി ട്രെയി൯ മാർഗ്ഗം കേരളത്തിലെത്തിച്ച ഇയാൾ പാലക്കാട് ട്രെയിൻ ഇറങ്ങി പുറത്തേക്ക് കടക്കാ൯ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ഇയാളുടെ കൈയ്യിലുണ്ടായിരുന്ന കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. പ്രത്യേക പരിശോധന തുടരുമെന്ന് ആർപിഎഫും എക്സൈസും വ്യക്തമാക്കി.