KeralaNEWS

കൊടകര കുഴല്‍പ്പണം ; വര്‍ഷം 2 കഴിഞ്ഞിട്ടും ബിജെപി നേതാക്കളെ തൊടാതെ ഇഡി

തൃശൂർ:സിപിഐ എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിക്ഷേപം കള്ളപ്പണമാണെന്നാരോപിച്ച്‌ പരിശോധന നടത്തുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി നടത്തിയ 54 കോടിയുടെ കുഴല്‍പ്പണ ഇടപാട് കേസില്‍ രണ്ടുവര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ല.

ബിജെപി ഉന്നത നേതാക്കളുടെ അറിവോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41.4 കോടിയും തദ്ദേശ തെരഞ്ഞെടുപ്പില്‍ 12 കോടിയും ഉള്‍പ്പെടെ 53.40 കോടിയുടെ കുഴല്‍പ്പണ ഇടപാട് നടന്നതായി കൊടകര കുഴല്‍പ്പണ കവര്‍ച്ചക്കേസ് അന്വേഷിച്ച പൊലീസ് കണ്ടെത്തിയിരുന്നു. കള്ളപ്പണമിടപാട് അന്വേഷിക്കേണ്ട ചുമതല ഇഡിക്കായതിനാല്‍ വിശദമായ റിപ്പോര്‍ട്ട് കൊച്ചി എൻഫോഴ്സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പൊലീസ് സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന സൂചന ലഭിച്ചതിനാല്‍ തെരഞ്ഞെടുപ്പു കമീഷനും പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിന് ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, ഇതുവരെയും അന്വേഷണമില്ല. മാധ്യമങ്ങളിലും വാര്‍ത്തയില്ല.

കുഴല്‍പ്പണക്കടത്തിന്റെ വിശദാംശങ്ങളും അതില്‍ ബിജെപി നേതാക്കളുടെ പങ്കും ഇരിങ്ങാലക്കുട ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥൻ എസിപി വി കെ രാജു സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.

Signature-ad

നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ അറിവോടെ സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശന്റെ നേതൃത്വത്തില്‍ ഒമ്ബതുജില്ലകളില്‍ പണംവിതരണം നടത്തിയെന്നാണ് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളത്തില്‍ ബിജെപി ഇറക്കിയ മൂന്നരക്കോടി കുഴല്‍പ്പണം കൊടകരയില്‍ കവര്‍ന്ന കേസിന്റെ അന്വേഷണത്തിലാണ് 53.4 കോടിയുടെ ഹവാല ഇടപാട് കണ്ടെത്തിയത്. തൃശൂരിലും കോന്നിയിലും കുഴല്‍പ്പണം ഇറങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹവാല ഇടപാടുകാരനായ ധര്‍മരാജനുമായി സുരേന്ദ്രൻ സംസാരിച്ചതിന്റെ ഫോണ്‍ രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു.

ഈ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു.കേസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്തും പുറത്തുവന്നിരുന്നു.എന്നിട്ടും ഇഡി ഈ‌ കേസിൽ മൗനം പാലിക്കുകയാണ്.

വരുന്ന ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ട് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സിപിഐഎമ്മിനെ കരിവരിതേക്കാനുള്ള കേന്ദ്ര ശ്രമമാണ് ഇപ്പോഴത്തേതെന്നാണ് വ്യാപകമായ ആക്ഷേപം.

Back to top button
error: