പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാനും ബില്ലുകൾ അടയ്ക്കാനും ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ എളുപ്പമാണ്. വിലകൂടിയ സാധനങ്ങൾ ഒറ്റയടിക്ക് വാങ്ങാൻ പണമില്ലാത്തപ്പോൾ,ഇഎംഐ ആയി വാങ്ങാനും ഇത് സഹായിക്കുന്നു. സാമ്പത്തിക ബിദ്ധിമുട്ട നേരിടുമ്പോൾ ക്രെഡിറ്റ് കാർഡിന് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിലും കൃത്യസമയത്ത് ക്രെഡിറ്റ് കാർഡ് കുടിശിക അടച്ചില്ലെങ്കിൽ തലവേദനയാകും. ക്രെഡിറ്റ് കാർഡ് ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പലിശ മാത്രമല്ല വൈകിയതിനുള്ള പിഴയും നൽകേണ്ടി വരും. ഒരു ക്രെഡിറ്റ് കാർഡ് ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡിന്റെ സഹായത്തോടെ അടയ്ക്കാൻ കഴിയുമോ എന്നതാണ് മിക്കവരുടെയും മനസിലുള്ള ചോദ്യം.
ഒരു ക്രെഡിറ്റ് കാർഡിന്റെ ബിൽ മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടയ്ക്കാം
മിക്ക ക്രെഡിറ്റ് കാർഡ് വിതരണക്കാരും മറ്റൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാർഡ് ബിൽ അടയ്ക്കുന്നതിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നില്ല. അത്തരം സൗകര്യം നൽകുന്ന രണ്ട് ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർ ഉണ്ടെങ്കിലും, ഇത് ഉപയോഗിച്ചാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ വഷളാക്കുന്ന രീതിയിൽ അധിക ഫീസും ഉയർന്ന പലിശ നിരക്കുകളും നൽകേണ്ടി വന്നേക്കാം.
എന്നാൽ, ക്രെഡിറ്റ് കാർഡ് പേയ്മെന്റ് നടത്താൻ മറ്റ് പല വഴികളും നോക്കാം.
* ബാലൻസ് കൈമാറ്റം വഴി
* കാഷ് അഡ്വാൻസ് വാങ്ങി
ബാലൻസ് ട്രാൻസ്ഫർ വഴി ക്രെഡിറ്റ് കാർഡ് പേയ്മെന്റ്
ഈ രീതി പ്രകാരം ക്രെഡിറ്റ് കാർഡ് പേയ്മെന്റ് തുക ഉയർന്ന പരിധിയിലോ കുറഞ്ഞ പലിശ നിരക്കിലോ മറ്റൊരു ക്രെഡിറ്റ് കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യാം. എന്നാൽ, ബാലൻസ് കൈമാറ്റം നിങ്ങളുടെ സിബിൽ സ്കോറിനെയും ബാധിച്ചേക്കാം. ഒപ്പം, ബാലൻസ് ട്രാൻസ്ഫർ ഫീസ് നൽകേണ്ടി വന്നേക്കാം
ക്യാഷ് അഡ്വാൻസ് വാങ്ങി ക്രെഡിറ്റ് കാർഡ് പേയ്മെന്റ്
ഈ ഓപ്ഷൻ പ്രകാരം എടിഎം വഴി പണം പിൻവലിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. ആ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുക, തുടർന്ന് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബിൽ ഓൺലൈനായി അടയ്ക്കുക. ക്രെഡിറ്റ് കാർഡ് മുഖേന എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള പലിശ നിരക്ക് വളരെ കൂടുതലായതിനാൽ അത് ശ്രദ്ധിക്കണം.