NEWSSports

ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ; ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്തത് 10 വിക്കറ്റിന് 

കൊളംബോ:ശ്രീലങ്കയെ അവരുടെ മണ്ണിൽ 10 വിക്കറ്റിന് തകർത്തത് ഏഷ്യയുടെ ക്രിക്കറ്റ് രാജാക്കൻമാരായി വീണ്ടും ഇന്ത്യ.ചരിത്രമുറങ്ങുന്ന പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യയുടെ തകർപ്പൻ ജയം.ഇന്ത്യയുടെ എട്ടാം ഏഷ്യാകപ്പ് കിരീടനേട്ടമാണിത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയുടെ സ്കോർ 15.2 ഓവറിൽ 10 വിക്കറ്റിന് 50 റൺസിൽ ഒതുങ്ങിയിരുന്നു. മറുപടി ബാറ്റിങ്ങിൽ വെറും 6.1 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ ശുഭ്മാൻ ഗിൽ 27 റൺസും ഇഷാൻ കിഷൻ 23 റൺസും നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തകർച്ചയായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ അഭിമുഖീകരിക്കേണ്ടിവന്നത്. വെറും 15.2 ഓവറിൽ 50 റൺസിന് ദ്വീപുകാരുടെ കഥ കഴിഞ്ഞു. ആറ് വിക്കറ്റെടുത്ത മൊഹമ്മദ് സിറാജാണ് ശ്രീലങ്കയെ തകർത്തത്. വെറും 16 പന്തുകൾക്കിടയിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കോർഡും സിറാജ് സ്വന്തമാക്കി.
മത്സരത്തിന്‍റെ നാലാം ഓവറിൽ നാല് വിക്കറ്റെടുത്താണ് സിറാജ് ശ്രീലങ്കയെ തിരിച്ചുവരാനാകാത്ത തകർച്ചയുടെ ആഴക്കയത്തിലേക്ക് തള്ളിയിട്ടത്. ഹർദിക് പാണ്ഡ്യ മൂന്നു വിക്കറ്റും ജസ്പ്രിത് ബുംറ ഒരു വിക്കറ്റും നേടി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ലങ്കൻ ഇന്നിംഗ്സിൽ അഞ്ച് പേർ റൺസൊന്നുമെടുക്കാതെ പുറത്തായി.

Back to top button
error: