കണ്ണൂര്‍: വാടക വീട്ടിലിരുന്ന് സ്ഥിരമായി മദ്യപിക്കുന്നത് ചോദ്യം ചെയ്ത പതിനഞ്ചുവയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച മാതാവിന്റെ ആണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മാടക്കാല്‍ സ്വദേശി എം മുഹമ്മദ് നൗഫലിനെയാ(20)ണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം മുപ്പതിന് രാത്രി പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന് റോഡിന് സമീപത്തെ വാടകവീട്ടിലായിരുന്നു സംഭവം.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു വാടകവീട്ടില്കഴിയുന്ന മുപ്പത്തിയാറുകാരിക്കും യുവതിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂന്ന് ആണ്സുഹൃത്തുക്കള്ക്കുമെതിരെയാണ് കുട്ടിയുടെ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കൂട്ടത്തില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുന്ന കുട്ടിയെ അമ്മയും ആണ്‍സുഹൃത്തുക്കളും മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുകൂടാതെ മദ്യം വായയില്‍ ഒഴിപ്പിച്ചു കുടിപ്പിച്ചതായും പരാതിയിലുണ്ട്.
പ്രതികള്‍ സ്ഥിരമായ വീട്ടിലെത്തുന്നതും അമ്മയുടെ ഒത്താശയോടെ മദ്യപിച്ചുകൊണ്ടു മണിക്കൂറുകളോളം ബഹളമുണ്ടാക്കുന്നതും കാരണം പഠിക്കാന്‍ കഴിയാത്ത കുട്ടി എതിര്‍ത്തതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയില്‍ ബാലാവകാശസംരക്ഷണ നിയമപ്രകാരംകേസെടുത്ത ശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയത്. ഒളിവില്‍ പോയ മറ്റു പ്രതികളെ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് പോലീസ്.
ഈ സംഭവത്തിന് ശേഷം രാത്രി ഒന്‍പതരയോടെ അമ്മയുടെ ആണ്സുഹൃത്തുക്കളിലൊരുവന് കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായും ആരോപണമുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. സംഭവം കേസായതോടെ ഒളിവില്‍ പോയ ഒന്നാം പ്രതിയായ അമ്മയും നാലാം പ്രതിയായ യുവാവും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമര്‍പ്പിച്ചിട്ടുണ്ട്.