NEWSWorld

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്

ന്യൂയോർക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റർ ലേലത്തിൽപോയത് റെക്കോഡ് തുകയ്ക്ക്. ഏകദേശം 65 ലക്ഷം രൂപ (ഇന്ത്യൻ റൂപ്പി) അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റർ ഒമ്പതു കോടിക്ക് മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തിൽ പോയത്. 1.1 മില്യൺ ഡോളർ തുകക്കാണ് (ഏകദേശം 9,13,99,385.00 ഇന്ത്യൻ റൂപ്പി) ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഷീപ് സ്വറ്റർ ലേലത്തിൽ പോയതെന്നാണ് ‘സോത്ത്ബീസ്’ എന്ന ആർട്ട് കമ്പനി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളിൽ ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽപോയ വസ്ത്രമായി ബ്ലാക്ക് ഷീപ് സ്വറ്റർ. പ്രമുഖരായ വ്യക്തിത്വങ്ങൾ ഉപയോഗിച്ചിരുന്ന വസ്ത്രവും കണ്ണടയും പേനയും ചെരുപ്പും അടക്കമുള്ള സാധനങ്ങൾ ലേലത്തിന് വച്ച് വലിയ വിലയ്ക്ക് വിൽപന നടത്താറുണ്ട്. എന്നാൽ, ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ കോടികൾ നൽകി സ്വന്തമാക്കിയത് ആരാണെന്ന് ലേലം നടത്തിയ സോത്ത്ബീസ് ആർട്ട് കമ്പനി അറിയിച്ചിട്ടില്ല.

ന്യൂയോർക്കിൽ നടന്ന ‘സോത്ത്ബീസ് ഫാഷൻ ഐക്കൺസ് ലേല’ത്തിലാണ് ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്ററിൻറെ ലേലം നടന്നത്. ലേലം വിളി 44 റൗണ്ട് പിന്നിട്ടപ്പോഴേക്കും പ്രതീക്ഷിച്ച തുകയുടെ 14 ഇരട്ടിയിലെത്തി. തുടർന്ന് 15 മിനുട്ട് മാത്രം നീണ്ടുനിന്ന വാശിയേറിയ ലേലം വിളിക്കൊടുവിലാണ് സ്വറ്ററിൻറെ തുക 1.57 കോടി രൂപയിൽനിന്ന് ഒമ്പതുകോടിക്ക് മുകളിലെത്തി, റെക്കോഡ് തുകയിൽ ലേലം ഉറപ്പിച്ചത്. ഡയാന രാജകുമാരിയുടെ പ്രിയപ്പെട്ട സ്വറ്ററിന് പുതിയ അവകാശികളെ ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നാണ് സ്വറ്ററിൻറെ ഡിസൈനേഴ്സായ ജോവാന സാലി മ്യൂർ- ജൊവാന്ന ഒസ്ബോൺ അഭിപ്രായപ്പെട്ടത്. ലേലത്തിലൂടെ ഏറ്റവും കൂടിയ വിലക്ക് വിൽക്കപ്പെടുന്ന സ്വറ്ററെന്ന ലോക റെക്കോഡും ബ്ലാക്ക് ഷീപ് സ്വറ്റർ സ്വന്തമാക്കി. അമേരിക്കൻ സംഗീതജ്ഞനും സംഗീത ബാൻഡായ നിർവാണയുടെ മുൻനിര ഗായകനും ഗിത്താറിസ്റ്റുമായിരുന്ന കുർട്ട് കൊബെയിൻറെ പച്ച സ്വറ്ററാണ് ഇതിനുമുമ്പ് ഏറ്റവും കൂടിയ വിലക്ക് ലേലത്തിൽ പോയത്. 2019ൽ നടന്ന ലേലത്തിലൂടെ ഏകദേശം 2 കോടി 77 ലക്ഷം രൂപക്ക് വിറ്റത്.

Signature-ad

‘ഞങ്ങൾ പഴയ ചില വിശിഷ്ടമായ ഡിസൈനുകൾക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു. ഇതിനിടെയാണ് ഡയാന രാജുമാരിയുടെ ബ്ലാക്ക് ഷീപ് സ്വറ്റർ ഞങ്ങളുടെ കൈവശമെത്തിച്ചേരുന്നത്. 1981ൽ പോളോ മത്സരത്തിന് എത്തിയപ്പോഴാണ് ഡയാന രാജകുമാരി ആദ്യമായി ഈ സ്വറ്റർ അണിഞ്ഞത്. സാലി മ്യൂർ, ജൊവാന്ന ഒസ്ബോൺ എന്നീ ഡിസൈനേഴ്സാണ് ഈ സ്വറ്റർ ഡിസൈൻ ചെയ്തത്…’ -എന്നായിരുന്നു ലേലത്തിന് മുമ്പായി സോത്ത്ബീസ് അറിയിച്ചിരുന്നത്.

ചുവന്ന സ്വറ്ററിന് ബ്ലാക്ക് ഷീപ് എന്ന പേര് എങ്ങനെ വന്നു?

റെക്കോഡ് തുകക്ക് ലേലത്തിൽപോയ ‘ബ്ലാക്ക് ഷീപ്’ സ്വറ്ററിന് പിന്നിലൊരു കഥയുണ്ടെന്നാണ് പറയപ്പെടുന്നത്. ചുവന്ന സ്വറ്ററായിട്ടും ബ്ലാക്ക് ഷീപ് എന്നാണ് വിശേഷിപ്പിക്കുന്നത്. ചുവപ്പ് നിറത്തിനുള്ളിൽ വെളുത്തനിറത്തിലുള്ള ആട്ടിൻകുട്ടികളാണ് സ്വറ്ററിലുള്ളത്. എന്നാൽ, ഇതിനിടയിൽ ഒരേയൊരു കറുത്ത ആട്ടിൻകുട്ടിയെയും കാണാം. കൂട്ടം തെറ്റിയ ആട്ടിൻകുട്ടിയെന്ന വിശേഷിപ്പിക്കുന്നതുപോലെ ഒരു കൂട്ടത്തിനകത്ത് നിന്ന് ഒറ്റപ്പെട്ടുപോയ ആട്ടിൻകുട്ടിയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഡയാന രാജകുമാരി തന്നെത്തന്നെ രാജകുടുംബത്തിൽ നിന്ന് അടർത്തി മറ്റൊരു സ്വത്വത്തിൽ രേഖപ്പെടുത്താൻ ശ്രമിച്ചതാണ് ഈ ഡിസൈനിലൂടെ എന്നാണ് പറയപ്പെടുന്നത്. പൊതുവെ രാജകുടുംബാംഗങ്ങളുടെ പെരുമാറ്റത്തിൽ നിന്നും രീതികളിൽ നിന്നുമെല്ലാം വ്യത്യസ്തയായിരുന്നു ഡയാന രാജകുമാരി. വസ്ത്രങ്ങൾ തന്നെ അന്നത്തെ കാലത്തെ രാജകുടുംബാംഗങ്ങൾ ധരിക്കുന്നത് പോലെയുള്ളതായിരുന്നില്ല ഇവർ ധരിച്ചിരുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ കാഴ്ചപ്പാടുകളായിരുന്നു ഡയാന രാജകുമാരിക്ക് ഉണ്ടായിരുന്നത്. ഈ വ്യക്തിത്വത്തിൻറെ ഒരു പ്രതിഫലനമെന്ന രീതിയിൽ കാണാവുന്നൊരു വസ്ത്രമാണ് ഇപ്പോൾ റെക്കോഡ് തുകക്ക് ലേലത്തിൽ പോയിരിക്കുന്നത്.

Back to top button
error: