നഗരത്തില്‍ സ്ഥിരം വാഹനക്കുരുക്ക് അനുഭവപ്പെടുന്ന പാളയം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിലെല്ലാം സുഗമമായി യാത്ര ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോള്‍. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാര്‍ കുറവാണ്.ആളുകള്‍ കൂട്ടംകൂടുന്ന നഗരത്തിലെ പ്രധാന വിനോദ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയം മാര്‍ക്കറ്റിലും പതിവിലും കുറവ് തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മാത്രം ഭക്ഷണം ലഭിക്കാറുണ്ടായിരുന്ന ഹോട്ടലുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു.
പഴം, പച്ചക്കറി വ്യാപാരികള്‍ക്കും കച്ചവടം കുറവാണ്.നിപ വാർത്ത പരന്നതോടെ ആർക്കും പഴങ്ങൾ വേണ്ടെന്ന് കച്ചവടക്കാർ പറയുന്നു നഗരത്തിലെത്തുന്നവർ കുറവായതിനാല്‍ മീൻ, ഇറച്ചി തുടങ്ങിയവയുടെ വില്‍പനയിലും കുറവുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു.ഇതുവരെ ജില്ലയില്‍ ആറു പേര്‍ക്ക് നിപ പോസിറ്റിവായിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിച്ച് ജനം മാസ്കുകളും കരുതല്‍ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും ജനം ഭീതിയുടെ നിഴലിലാണ്.
മാസ്ക് നിര്‍ബന്ധമാക്കിയതോടെ കോവിഡ് കാലത്തേതുപോലെ മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. മിക്ക മെഡിക്കല്‍ ഷോപ്പുകളിലും സ്റ്റോക്കുണ്ടായിരുന്ന മാസ്കുകളും മറ്റ് അവശ്യസാധനങ്ങളും പെട്ടെന്നുതന്നെ കാലിയായതോടെ കിട്ടാത്ത അവസ്ഥയും സംജാതമായിട്ടുണ്ട്.