Movie

‘ജയിലറിൽ തനിക്കു 35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനായകൻ

       രജനീകാന്തിന്റെ ജയിലറിൽ അഭിനയിച്ചതിന് വിനായകന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാന വേഷത്തിലെത്തിയ നടന് കുറച്ചു പ്രതിഫലം നൽകിയെന്ന് ആരോപിച്ച് നിർമാതാക്കൾക്കെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ജയിലറിലെ വർമനാകാൻ തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. താൻ ചോദിച്ച പ്രതിഫലം നിർമാതാക്കൾ നൽകി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

 ‘എനിക്ക് ലഭിച്ച പ്രതിഫലം, 35 ലക്ഷമല്ല നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു’ വിനായകൻ പറഞ്ഞു.

Signature-ad

ചിത്രത്തിൽ വർമൻ എന്ന വില്ലൻ റോളിലാണ് താരം എത്തിയത്. ഒരു വർഷത്തോളം ഈ കഥാപാത്രമായി നിൽക്കേണ്ടിവന്നു എന്നാണ് വിനായകൻ പറയുന്നത്. ഇതിനിടയിൽ ധനുഷ് നായകനായി എത്തുന്ന ക്യാപ്റ്റൻ മില്ലർ വന്നെങ്കിലും ജയിലർ ഉണ്ടായതുകാരണം കരാർ ഒപ്പിട്ടില്ലെന്നും താരം വ്യക്തമാക്കി.  ജയിലർ പോലൊരു വലിയ സിനിമ കഴിഞ്ഞു നിൽക്കുന്നതിനാൽ അടുത്ത സിനിമ ശ്രദ്ധിച്ചായിരിക്കും തെരഞ്ഞെടുക്കുക എന്നാണ് വിനായകൻ പറയുന്നത്.

ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകിയതിനു സംവിധായകൻ നെൽസനും രജനീകാന്തിനും നന്ദി പറഞ്ഞുകൊണ്ട് വിനായകൻ രം​ഗത്തെത്തിയിരുന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത അവസരമാണ് തനിക്ക് ലഭിച്ചത് എന്നാണ് വിനായകൻ പറഞ്ഞത്. ബോക്സ്ഓഫിസിൽ വമ്പൻ ഹിറ്റായി മാറിയ ജയിലർ 600 കോടിക്കു മുകളിലാണ് വാരിയത്. ചിത്രത്തിലെ മോഹൻലാലിന്റെ അതിഥി വേഷവും ഹിറ്റായിരുന്നു.

Back to top button
error: