NEWSWorld

ചെങ്കടലിൽ വിമാനത്താവളം; ആദ്യ സർവിസ് നടത്തുക സൗദി എയർലൈൻസ്

റിയാദ്: ചെങ്കടൽ വികസന പദ്ധതിക്ക് കീഴിൽ വിമാനത്താവളത്തിന്‍റെ നിർമാണം പൂർത്തിയായി. ഈ വർഷം തന്നെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്യുമെന്ന് റെഡ് സീ ഇൻറർനാഷണൽ കമ്പനി സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. സൗദി അറേബ്യൻ എയർലൈൻസും (സൗദിയ) റെഡ് സീ ഇൻറർനാഷനൽ എയർപോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ഡി.എ.എ ഇൻറർനാഷനലും തമ്മിൽ ധാരണാപത്രം ഒപ്പുെവച്ച വേളയിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.

ഇതോടെ റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ആർ.എസ്.ഐ) ആദ്യമായി സർവിസ് നടത്തുന്ന വിമാനസക്കമ്പനിയായി സൗദി എയർലൈൻസ്. കടലിൽ നിർമാണം പൂർത്തിയാവുന്ന റെഡ്സീ ടൂറിസം പ്രദേശത്തെ ആദ്യത്തെ മൂന്ന് റിസോർട്ടുകളും ഇൗ വർഷം ഉദ്ഘാടനം ചെയ്യുമെന്നും സി.ഇ.ഒ പറഞ്ഞു. റെഡ് സീ വിമാനത്താവളത്തിലേക്ക് തലസ്ഥാനമായ റിയാദിൽനിന്നാണ് വിമാന സർവിസ് ആരംഭിക്കുന്നത്. സൗദിയയുടെ വിമാനങ്ങൾ ഇരുദിശയിലേക്കും സർവിസ് നടത്തും. പിന്നീടാണ് ജിദ്ദ-റെഡ് സീ വിമാന സർവിസിന് തുടക്കം കുറിക്കുക.

Signature-ad

അടുത്ത വർഷത്തോടെ അന്താരാഷ്‌ട്ര വിമാന  സർവിസിനും തുടക്കമാകും. കരാർ പ്രകാരം സൗദി എയർലൈൻസ് ആയിരിക്കും ആദ്യമായി റെഡ്സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും പതിവായി വിമാന സർവിസ് നടത്തുക. കാർബൺ ബഹിർഗമനം കുറഞ്ഞ ഏവിയേഷൻ ഇന്ധനത്തിെൻറയും സുസ്ഥിര വ്യോമയാന ഇന്ധനത്തിെൻറയും ഉപയോഗത്തെക്കുറിച്ച് സംയുക്ത ഗവേഷണം നടത്താൻ മൂന്ന് കക്ഷികൾക്കും ഒപ്പിട്ട കരാർ അനുവാദം നൽകുന്നുണ്ട്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിങ് എയർക്രാഫ്റ്റുകളുടെ ഉപയോഗവും വിലയിരുത്തും. റെഡ് സീ അന്താരാഷ്ട്ര കമ്പനി വികസിപ്പിച്ച ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന യാത്രയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനാണിതെന്നും സി.ഇ.ഒ പറഞ്ഞു.

 

Back to top button
error: