CrimeNEWS

ലഹരിസംഘം മുക്കിയ കപ്പലില്‍നിന്ന് രാസലഹരി കരയ്ക്കടിഞ്ഞു; അന്തമാനില്‍നിന്ന് കേരളതീരത്തേയ്ക്ക് മയക്കുമരുന്നിന്റെ കുത്തൊഴുക്ക്

പോര്‍ട് ബ്ലയര്‍: നാലുവര്‍ഷം മുമ്പ് അന്തമാന്‍ നിക്കോബാര്‍ ദ്വീപിന് സമീപം കടലില്‍ ലഹരിമാഫിയാസംഘം മുക്കിയ കപ്പലില്‍നിന്നുള്ള രാസലഹരിമരുന്ന് കേരളത്തിലേക്ക് കടത്തുന്നു. കപ്പലില്‍നിന്ന് കരയ്ക്കടിഞ്ഞ എം.ഡി.എം.എ. എന്ന രാസലഹരിയാണ് ഇങ്ങനെയെത്തുന്നത്.

2019 സെപ്റ്റംബറില്‍ കോസ്റ്റ്ഗാര്‍ഡും നാവികസേനയും നടത്തിയ പരിശോധനയ്ക്കിടെ പിടിക്കുമെന്നുറപ്പായപ്പോള്‍ കപ്പല്‍ കടലില്‍ മുക്കിക്കളഞ്ഞ് മയക്കുമരുന്ന് സംഘാംഗങ്ങള്‍ രക്ഷപ്പെടുകയായിരുന്നു. കപ്പലില്‍നിന്ന് കരയ്ക്കടിഞ്ഞ രാസലഹരിവസ്തുക്കള്‍ അന്തമാനില്‍ സാമൂഹികപ്രശ്‌നമാണിപ്പോള്‍. വായുകടക്കാത്ത പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചവയാണ് ദ്വീപുകളിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 21-ന് മഞ്ചേരിയില്‍നിന്ന് മൂന്നുപേര്‍ മലപ്പുറം ക്രൈംബ്രാഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെയാണ് അന്തമാനില്‍നിന്ന് ഇവിടേക്ക് രാസലഹരിയെത്തുന്നതായി എക്‌സൈസിന് വിവരംലഭിച്ചത്.

Signature-ad

ദ്വീപില്‍നിന്ന് സ്വകാര്യ കൂറിയര്‍ കമ്പനി മുഖേനയെത്തിച്ച എം.ഡി.എം.എ.യുമായി മലപ്പുറം പട്ടര്‍ക്കടവ് സ്വദേശികളായ പഴങ്കരകുഴിയില്‍ നിശാന്ത് (23), മുന്നൂക്കാരന്‍ വീട്ടില്‍ സിറാജുദ്ദീന്‍ (28), കോണാംപാറ സ്വദേശി പുതുശേരി വീട്ടില്‍ റിയാസ് (31) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്ക് അന്തമാനില്‍നിന്ന് കൂറിയറില്‍ മയക്കുമരുന്ന് അയച്ച സംഘത്തിലെ കണ്ണിയായ മലപ്പുറം ഹാജിയാര്‍പള്ളി സ്വദേശി മുഹമ്മദ് സാബിഖിനെ (25) പിടിക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞമാസം ദ്വീപിലേക്ക് പോയിരുന്നു. എന്നാല്‍, ഇയാള്‍ ഒളിവിലാണെന്ന് വ്യക്തമായി. എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണസംഘം അന്തമാനിലേക്ക് പോയത്.

2019 സെപ്റ്റംബറില്‍ കാര്‍ നിക്കോബാര്‍ കടല്‍ത്തീരത്തുനിന്ന് കോസ്റ്റ്ഗാര്‍ഡും നാവികസേനാംഗങ്ങളും അന്താരാഷ്ട്ര മാഫിയാ സംഘത്തിലുള്‍പ്പെട്ട മ്യാന്‍മാര്‍ സ്വദേശികളായ ആറുപേരെ ചെറുകപ്പലില്‍നിന്ന് പിടികൂടിയിരുന്നു. കോസ്റ്റ് ഗാര്‍ഡ് കപ്പലായ ‘രജ് വീര്‍’ റോന്തുചുറ്റുന്നതിനിടയിലായിരുന്നു പിടിയിലായത്. 300 കോടിരൂപ വിലവരുന്ന നിരോധിത രാസലഹരിയായ കെറ്റാമിനും പിടികൂടി.

ഇവര്‍ക്കൊപ്പം മറ്റൊരുസംഘത്തിലുണ്ടായിരുന്നവരുടെ കപ്പല്‍ പിടിയിലാകുമെന്നായപ്പോള്‍ വന്‍ മയക്കുമരുന്നുശേഖരം കപ്പലോടുകൂടി ഇവര്‍ കടലില്‍ മുക്കി. തുടര്‍ന്ന്, മറ്റൊരു കപ്പലില്‍ രക്ഷപ്പെട്ടു. കേസില്‍ കോസ്റ്റ് ഗാര്‍ഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും (എന്‍.സി.ബി) അന്തമാന്‍ പോലീസും പ്രതിരോധമന്ത്രാലയവും ചേര്‍ന്ന് അന്വേഷണം തുടരുകയാണ്.

Back to top button
error: