ഇന്ത്യൻ സിനിമയിലെ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻറെ ജവാൻ. പഠാൻറെ റെക്കോർഡ് വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാൻ ചിത്രം എന്ന നിലയിൽ സ്വാഭാവികമായും ലഭിച്ച വൻ പ്രീ റിലീസ് ഹൈപ്പിന് പിന്നാലെ സെപ്റ്റംബർ 7 നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചത്. എന്നാൽ പഠാന് ലഭിച്ചതുപോലെ പോസിറ്റീവ് അഭിപ്രായങ്ങൾ മാത്രമല്ല ആദ്യ പ്രദർശനങ്ങൾക്കിപ്പുറം ചിത്രത്തിന് ലഭിച്ചത്. മറിച്ച് സമ്മിശ്രവും നെഗറ്റീവുമായ അഭിപ്രായങ്ങളായിരുന്നു. ദക്ഷിണേന്ത്യൻ പ്രേക്ഷകരിൽ നിന്ന് നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതൽ ഉണ്ടായതെങ്കിൽ ഉത്തരേന്ത്യയിൽ അത്രത്തോളം നെഗറ്റീവ് പബ്ലിസിറ്റി ചിത്രത്തിന് ലഭിച്ചില്ല എന്ന് മാത്രമല്ല പ്രമുഖ നിരൂപകരും മാധ്യമങ്ങളുമൊക്കെ പോസിറ്റീവ് ആണ് പറഞ്ഞത്. അതേതായാലും ആദ്യദിന കളക്ഷനിൽ റെക്കോർഡ് ഇട്ടു ചിത്രം.
നിർമ്മാതാക്കൾ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 129.6 കോടിയാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ആദ്യദിനം നേടിയത്. ഞായർ വരെ നീണ്ട നാല് ദിവസത്തെ എക്സ്റ്റൻഡഡ് വീക്കെൻഡിലും ചിത്രം വൻ കളക്ഷനാണ് നേടിയത്. നാല് ദിവസം കൊണ്ട് 520.79 കോടി! സമ്മിശ്ര അഭിപ്രായത്തിലും ചിത്രം ഇത്തരത്തിലുള്ള പ്രകടനം നടത്തിയത് കിംഗ് ഖാൻറെ താരമൂല്യം കൊണ്ടാണെന്നും വിലയിരുത്തലുകൾ ഉണ്ടായി. എന്നാൽ തിങ്കൾ മുതലുള്ള പ്രവർത്തിദിനങ്ങളിലെ കളക്ഷനിൽ ചിത്രം കാര്യമായ ഇടിവ് നേരിടുകയാണ്. ആദ്യവാരാന്ത്യത്തിന് ശേഷമുള്ള തിങ്കളാഴ്ച സ്വാഭാവികമായും ഏത് ചിത്രവും കളക്ഷനിൽ ഇടിവ് നേരിടുക സ്വാഭാവികമാണെങ്കിലും തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചിത്രത്തിൻറെ കളക്ഷൻ താഴേക്ക് താഴേക്ക് പോകുന്നത് ട്രേഡ് അനലിസ്റ്റുകളിൽ ചെറിയ ഭയം ഉളവാക്കിയിട്ടുണ്ട്.
റിലീസിൻറെ നാലാം ദിനമായിരുന്ന ഞായർ 136 കോടിയാണ് ചിത്രം നേടിയതെങ്കിൽ തിങ്കളാഴ്ചത്തെ കളക്ഷൻ 54.1 കോടി മാത്രമായിരുന്നു. ചൊവ്വാഴ്ചത്തെ കളക്ഷൻ വീണ്ടും ഇടിഞ്ഞ് 46.23 കോടി ആയി. നിർമ്മാതാക്കൾ ഇന്ന് പുറത്തുവിട്ട കണക്കനുസരിച്ച് ഏഴാം ദിവസമായ ബുധനാഴ്ചയിലെ ജവാൻറെ കളക്ഷനിലും ഇടിവ് തുടരുകയാണ്. ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കളക്ഷനാണ് ബുധനാഴ്ച. 38.91 കോടി. ആദ്യ വാരം കൊണ്ട് ചിത്രം നേടിയിരിക്കുന്നത് 660.03 കോടിയാണ്. മികച്ച കളക്ഷനാണ് ഇത് എന്നതിൽ തർക്കമില്ലെങ്കിലും പഠാന് ശേഷമുള്ള ഷാരൂഖ് ഖാൻ ചിത്രമെന്ന നിലയിൽ ബോളിവുഡിന് ഈ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഏറെ വലുതാണ്. രണ്ടാം വാരാന്ത്യത്തിൽ ചിത്രം എത്ര നേടുമെന്നതാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്.