KeralaNEWS

വാഹനം അമിതമായി ചൂടായപ്പോള്‍ യാത്രക്കാര്‍ പുറത്തിറങ്ങി, നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയിൽ നിന്നും കോതമംഗലത്തെ ചെറുവട്ടൂരിലേക്ക് പോകുമ്പോഴാണ് കാറിനു തീപിടിച്ചത്. ചെറുവട്ടൂർ നിരപ്പേൽ നിസാമുദീൻറെ 2013 മോഡൽ ഫോർഡ് കാറിനാണ് തീ പിടിച്ചത്. വാഹനം അമിതമായി ചൂടായതിനെ തുടർന്ന് നിസാമുദീനും കൂടെയുണ്ടായിരുന്ന കുട്ടിയും വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ കത്തിയമർന്നു. അടിമാലിയിൽ നിന്നും അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.

മരണ വീട്ടിലേക്ക് പോവുകയായിരുന്ന നാലംഗ സംഘം സഞ്ചരിച്ച കാറിന് തീപിടിച്ച സംഭവമുണ്ടായത് കഴിഞ്ഞ ദിവസമാണ്. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പുക ഉയരുന്നതു കണ്ട് കാറിലുണ്ടായിരുന്നവർ വാഹനം നിർത്തി ചാടിയിറങ്ങുകയായിരുന്നു. തിരൂർ – ചമ്രവട്ടം റോഡിൽ ആലിങ്ങലിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് അപകടമുണ്ടായത്. എറണാകുളത്തെ മരണ വീട്ടിലേക്ക് പോകുകയായിരുന്ന നാല് പേരാണ് കാറിലുണ്ടായിരുന്നത്. എൻജിൻ ഭാഗത്തുനിന്ന് ആദ്യം പുക ഉയർന്നു. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. യാത്രക്കാർ ഉടനെ ചാടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി.

Signature-ad

തിരൂരിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടർന്ന് ചമ്രവട്ടം റോഡിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ കെ അശോകൻ, സേനാംഗങ്ങളായ സി മനോജ്, പി പി അബ്ദുൽ മനാഫ്, കെ പ്രവീൺ, സുജിത്ത് സുരേന്ദ്രൻ, കെ ടി നൗഫൽ, കെ കെ സന്ദീപ്, വി ഗിരീഷ്‌കുമാർ എന്നിവർ തീയണയ്ക്കാൻ നേതൃത്വം നൽകി. തലപ്പാറ വെളിമുക്ക് പാലത്തുപടി വീട്ടിൽ സന്ധ്യയുടെ ഉടമസ്ഥതയിലുള്ള 2019 മോഡൽ കാറാണ് കത്തിനശിച്ചത്.

Back to top button
error: