താമരശ്ശേരി: പ്രവാസി വ്യവസായി പൂനൂർ അവേലം മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ച ക്വട്ടേഷൻ സംഘത്തിലെ പ്രതിയായ ഒരാൾ കൂടി അറസ്റ്റിലായി. എറണാകുളം പൂണിത്തുറ പാലയിൽ ശിവ സദനം വീട്ടിൽ കരുൺ( 30) ആണ് മുംബൈ എയർപോർട്ടിൽ വെച്ച് പിടിയിലായത്. മുംബൈ നിന്നും മലേഷ്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരം പിടിയിലാവുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 22-ാം തിയ്യതി രാത്രി കോഴിക്കോട് മുക്കത്തുള്ള സൂപ്പർമാർക്കറ്റ് അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 9.45ന് താമരശ്ശേരി -മുക്കം റോഡിൽ വെഴുപ്പൂർ എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം. ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടര്‍ തടഞ്ഞ് അഷ്‌റഫിനെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
തുടർന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച ചേന്ദമംഗലൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുമോ കാറും,മലപ്പുറം മോങ്ങം സ്വദേശിയുടെ സ്വിഫ്റ്റ് കാറും നിരവധി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംഭവത്തിന്റെ പിറ്റേ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. രണ്ട് കാറുകളും വാടകക്ക് എടുത്തതായിരുന്നു.
സുമോ കാർ വാടകക്ക് എടുക്കുമ്പോൾ കൊടിയത്തൂർ സ്വദേശി അലി ഉബൈറാൻ എന്നാളുടെ തിരിച്ചറിയൽ രേഖ നൽകിയിരുന്നു. ഇയാൾ കരിപ്പൂർ സ്വർണ്ണകവർച്ച കേസിലെ പ്രതിയാണ്. മുക്കം സ്വദേശിയും കൊടിയത്തൂർ മലപ്പുറം ജില്ലകളിലെ സ്വർണ്ണക്കടത്ത് സംഘവും തമ്മിലുള്ള പണമിടപാടിൽ മലപ്പുറം കാവനൂർ സ്വദേശി തെക്കേ തൊടി അബ്ദുൽ സലാമിന്റെയും അലി ഉബൈറാന്റെയും കേരളത്തിലേക്ക് കടത്താനുള്ള സ്വർണ്ണം മുക്കം സ്വദേശി ഗൾഫിൽ തടഞ്ഞു വെച്ചത് വിട്ടു കിട്ടാൻ വേണ്ടിയായിരുന്നു മുക്കം സ്വദേശിയുടെ സഹോദരി ഭർത്താവിനെ തട്ടിക്കൊണ്ടു പോയത്.
തുടർന്ന് മൂന്ന് ദിവസത്തിനുള്ളിൽ കരിപ്പൂർ എയർപോർട്ടിൽ വെച്ച് വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം രണ്ടത്താണി മുഹമ്മദ് ജൗഹറിനെയും മുക്കത്തു വെച്ച് ഒന്നാം പ്രതിയുടെ സഹോദരന്മാരായ കൊടിയത്തൂർ എള്ളങ്ങൽ ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നീ പ്രതികളെ അറസ്റ്റ് ചെയ്തതു. ഇതിനെ തുടർന്ന് എറണാകുളത്ത് ക്വട്ടേഷൻ സംഘം തടവിൽ വെച്ച അഷ്‌റഫിനെ വിട്ടയക്കുകയായിരുന്നു.
കേസിലെ ഭൂരിഭാഗം പ്രതികളും പിടിയിലായപ്പോഴും കരുൺ അടക്കമുള്ള ക്വട്ടേഷൻ സംഘം ഒളിവിലായിരുന്നു. ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മുംബൈയിൽ നിന്നും മലേഷ്യയിലേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെ മുംബൈ എയർപോർട്ടിൽ വെച്ച് ലുക്ക് ഔട്ട് നോട്ടിസ് നിലവിലുള്ളതിനാൽ ഇയാള്‍ പിടിയിലാവുകയായിരുന്നു.
മുംബൈയിൽ നിന്നും താമരശ്ശേരി എത്തിച്ച പ്രതിയെ ഇൻസ്‌പെക്ടർ സത്യനാഥൻ അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. താമരശ്ശേരി ജെ എഫ് സി എം കോടതി (ഒന്ന്) പ്രതിയെ റിമാൻഡ് ചെയ്തു.