ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാറിന്റെ ‘ശക്തി’ പദ്ധതി തങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചെന്നാരോപിച്ച് ബംഗളൂരുവില്‍ ബന്ദ് നടത്തി സ്വകാര്യ ബസുടമകളുടെ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ ഫെഡറേഷന്. ഞായറാഴ്ച അര്‍ധ രാത്രി മുതല്‍ ആരംഭിച്ച ബന്ദ് തിങ്കളാഴ്ച അര്‍ധ രാത്രിവരെ നീളും. തലസ്ഥാന നഗരിയില്‍ ഓടുന്ന എല്ലാ സ്വകാര്യ വാണിജ്യ വാഹനങ്ങളും ഇന്ന് സര്‍വീസ് നിര്‍ത്തും. ബന്ദിനെ തുടര്‍ന്ന് നഗരത്തിലെ ചില സ്വകാര്യ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍ക്കാരിന്റെ അഞ്ച് വാഗ്ദാനങ്ങളിലൊന്നായ ശക്തി പദ്ധതിയില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ വാഹന ഉടമകള്‍ ബെംഗളൂരു ബന്ദിന് ആഹ്വാനം ചെയ്തത്. പദ്ധതി തങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്ന് സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ പറയുന്നു. പ്രീമിയം അല്ലാത്ത സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് പദ്ധതി.
സ്വകാര്യ ഗതാഗത പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരു വിമാനത്താവളം യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി. പണിമുടക്ക് കാരണം ടാക്സികള്‍, മാക്സി ക്യാബുകള്‍, സ്വകാര്യ ബസുകള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാ?ഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി. പദ്ധതി ബിഎംടിസി ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്കി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്ളാഗ് ഓഫ് ചെയ്താണ് ഉദ്ഘാടനം നിര്‍വഹിച്ചത്. അര്‍ഹരായ ഗുണഭോക്താക്കളിലേക്കും ശക്തി പദ്ധതി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ നിയമസഭാംഗങ്ങള്‍ക്കൊപ്പം ജില്ലാ ചുമതലയുള്ള മന്ത്രിമാരോടും സിദ്ധരാമയ്യ നിര്‍ദേശിച്ചിരുന്നു.