ഇടുക്കി: സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കട്ടപ്പന അഗ്‌നിരക്ഷാ നിലയത്തില്‍ സേനാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കത്തിവീശലും. സേനയിലെ ഡ്രൈവര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സാമ്പത്തിക കേസില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച നോട്ടീസ് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. നോട്ടീസ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഭവത്തിന് കാരണമെന്നാണ് സൂചന.
ബുധനാഴ്ച രാത്രി ഓഫീസിന് സമീപത്തെ മെസില്‍ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് വാക്കേറ്റം ഉണ്ടായത്. അവധിയിലായിരുന്ന സ്റ്റേഷന്‍ ഓഫീസര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്. 2018-ല്‍ അഗ്‌നിരക്ഷാസേനയുടെ പുതിയ ഫയര്‍ എന്‍ജിന്‍ റേഡിയേറ്ററില്‍ വെള്ളമൊഴിക്കാതെ ഓടിച്ച് തകരാറിലാക്കുകയും എസ്.ഐ. ആണെന്ന് അവകാശപ്പെട്ട് പാറമട നടത്തിപ്പുകാരില്‍നിന്ന് പണം പിരിക്കുകയുംചെയ്ത ഉദ്യോഗസ്ഥനാണ് കത്തിവീശിയതെന്നാണ് അറിയുന്നത്.
മൂന്നുവര്‍ഷം കൂടുമ്പോള്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ക്ക് സ്ഥലംമാറ്റം പതിവാണെന്നിരിക്കെ, ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇയാള്‍ ഇവിടെ തുടരുകയാണെന്നും ആക്ഷേപമുണ്ട്. സേനാംഗങ്ങള്‍ നഗരത്തില്‍ പണം പലിശയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട് പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്.