KeralaNEWS

വൈദ്യുതി നിരക്കു വര്‍ധന: നടപടികളിലേക്ക് കടന്ന് റഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: അടുത്ത 4 വര്‍ഷത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന നടപടികളിലേക്കു റഗുലേറ്ററി കമ്മിഷന്‍ കടക്കുന്നു. നിരക്കുവര്‍ധന തടഞ്ഞ കേസില്‍ ഹൈക്കോടതിയുടെ അന്തിമ ഉത്തരവു വന്ന സാഹചര്യത്തിലാണിത്. വര്‍ധന സംബന്ധിച്ച തെളിവെടുപ്പു കമ്മിഷന്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഉത്തരവ് ഇറക്കാനിരിക്കേയാണു ഹൈക്കോടതി സ്റ്റേ വന്നത്. നിലവിലുള്ള നിരക്കിന് ഈ മാസം 30 വരെയാണു പ്രാബല്യം. അതിനു മുന്‍പുതന്നെ നിരക്ക് വര്‍ധിപ്പിക്കാനാണു സാധ്യത.

അതേസമയം, വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ അടുത്ത മഴക്കാലത്തു തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ (സ്വാപ്) വൈദ്യുതി വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ തുറന്നപ്പോള്‍ ബോര്‍ഡിന് ആവശ്യമായ വൈദ്യുതി ലഭിച്ചില്ല. രണ്ടു കമ്പനികള്‍ മാത്രമാണു താല്‍പര്യം കാട്ടിയത്. ഒക്ടോബര്‍ 500 മെഗാവാട്ട്, നവംബര്‍ 300, ഡിസംബര്‍ 500, മാര്‍ച്ച് 200, ഏപ്രില്‍ 500, മേയ് 500 എന്നിങ്ങനെ വാങ്ങാനാണ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ 100 മെഗാവാട്ട് നല്‍കാമെന്ന് അരുണാചല്‍ പ്രദേശ് ട്രേഡിങ് കമ്പനിയും 50 മെഗാവാട്ട് നല്‍കാമെന്ന് മണികരണ്‍ ട്രേഡിങ് കമ്പനിയും അറിയിച്ചു. മാര്‍ച്ച് 1 മുതല്‍ 15 വരെ 50 മെഗാവാട്ട് കൂടി അരുണാചല്‍ പ്രദേശ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പുറമേ ചില ദിവസങ്ങളില്‍ നിശ്ചിത മണിക്കൂറുകള്‍ വീതം (ടൈം സ്ലോട്ട്) വൈദ്യുതി നല്‍കാമെന്നും ഈ രണ്ടു കമ്പനികളും അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തിരികെ നല്‍കാമെന്നാണ് സ്വാപ് ടെന്‍ഡറിലെ വ്യവസ്ഥ. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തുറന്ന മറ്റു ടെന്‍ഡറുകള്‍ ബോര്‍ഡ് പരിശോധിച്ചുവരികയാണ്.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: