കോട്ടയം:കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് കോട്ടയത്തേക്ക്. മംഗലാപുരം- കോട്ടയം റൂട്ടിൽ പുതിയ വന്ദേഭാരത് സർവീസ് നടത്തുമെന്നാണ് വിവരം.ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിക്കുന്നു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചെന്നൈയിൽ നിന്നും വണ്ടി കേരളത്തിലേക്ക് എത്തിക്കും.
നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തിയായെന്നും അടുത്ത വാരത്തോടുകൂടി സർവീസ് ആരംഭിക്കുമെന്നും വിവരമുണ്ട്.
നേരത്തെ കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് മംഗളൂരു സെന്‍ട്രല്‍ എറണാകുളം റൂട്ടിലോടിക്കാനായിരുന്നു നീക്കം. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരം വരെ ഓടിക്കുന്നതിലെ പ്രായോഗിക തടസ്സങ്ങള്‍ കണക്കിലെടുത്താണു സര്‍വീസ് എറണാകുളം വരെയാക്കി ചുരുക്കാന്‍ തീരുമാനിച്ചത്.
എന്നാൽ എറണാകുളത്ത് പ്ലാറ്റ്ഫോം ഒഴിവില്ലാത്തതിനാല്‍ സർവീസ് കോട്ടയത്തേക്ക് നീട്ടുകയായിരുന്നു. 5 പ്ലാറ്റ്ഫോമുകള് വെറുതേ കിടക്കുന്ന കോട്ടയത്തേക്കു നീട്ടുന്നത് നൂറുകണക്കിന് യാത്രക്കാർക്കും പ്രയോജനപ്പെടും.നേരത്തെ കോട്ടയം-കോയമ്പത്തൂർ റൂട്ടിൽ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.